-->
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് എത്തിയിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള. കോടികൾ മുടക്കി ഷൂട്ടിംഗ് തീർത്ത സിനിമയ്ക്ക് മേൽ കട്ടിംഗും ഷേവിംഗും നടത്തുന്നത് സങ്കടകരമാണെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.
ഹാൽ " എന്ന ഷെയ്ൻ നിഗം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നത് ഇപ്പോൾ കണ്ടു !
സെൻസർ നൂലാമാലകളിൽ പെട്ട് സിനിമ റിലീസ് തീയതി പ്രഖ്യാപിയ്ക്കാൻ കഴിയുന്നില്ല .ഞാൻ ആ സിനിമ കണ്ടതാണ് !ബൾട്ടിയോടൊപ്പം എത്താനിരുന്നതുകൊണ്ടു തന്നെ അതിൻ്റെ നിർമ്മാതാവിൻ്റെ താൽപര്യപ്രകാരം കണ്ടെതാണ് ,വളരെ നല്ലൊരു പടമാണത് , സിനിമ തെരെഞ്ഞെടുത്തിരിയ്ക്കുന്നത് വളരെ പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയമാണ് , ആനുകാലിക രാഷ്ട്രീയത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു പ്ളോട്ടാണ് ആ ചിത്രത്തിനുള്ളത്.
എന്താണ് അതിൻമേൽ ഇത്ര മാത്രം കത്രിക വെയ്ക്കാനുള്ളത് എന്ന് ഇനിയും മനസ്സിലാവുന്നില്ല , ഈ നാട്ടിലെ ഫിലിം മേക്കേഴ്സിനെ ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ പറയാൻ അനുവദിയ്ക്കണം എന്ന് തന്നെയാണ് എനിയ്ക്ക് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥ്യയ്ക്കാനുള്ളത് .
ഞാനടക്കമുള്ള നിർമ്മാതാക്കൾ വളരെയധികം ആശങ്കയിലാണ് , ഷൂട്ട് തീർന്നതിനു ശേഷമാവും കോടികൾ മുടക്കിയെടുത്ത ഒരു ചിത്രത്തിനുമേൽ കട്ടിംഗും ഷേവിംഗും നടത്താൻ നിർബന്ധിതമാവുന്നത് , വളരെ സങ്കടകരമാണ് ഈ അവസ്ഥ !
സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ച ഈ കാലത്ത് , കാലദേശഭേദമെന്യേ " കണ്ടൻറുകൾ " ഇങ്ങനെ കുത്തിയൊഴുകുന്ന കാലത്ത് എന്താണ് ഈ ദാക്ഷണ്യമില്ലാത്ത സെൻസറിംഗിൻ്റെ പ്രസക്തി എന്ന് മനസ്സിലാവുന്നില്ല .വിമർശനങ്ങളോ , കടുത്ത വിമർശനങ്ങളോ ഇനി അതിരറ്റ വിമർശനങ്ങളോ ഒന്നും ഈ രാജ്യത്തിൻ്റെ സംസ്കാരത്തേ യോ ഭദ്രതയേയോ ഒന്നും ബാധിയ്ക്കാൻ പോവുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം ?
നിൽക്കേണ്ടത് നിൽക്കും അല്ലാത്തത് മാഞ്ഞ് പോവും അതാണല്ലോ നമ്മുടെ ചരിത്രം !
സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണ് ,
ഹാൽ എന്ന ചിത്രം യാതൊരു വിധ മുറിവുകളുമേൽക്കാതെ പുറത്തിറങ്ങേണ്ടത് എല്ലാ കലാ സ്നേഹികളുടേയും ആഗ്രഹമാണ്.
ഈ സാഹചര്യത്തോട് പ്രതിഷേധിയ്ക്കുന്നു .