-->
ഇന്ന് തൊഴില്‍ മേഖലകളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന നിരവധിപേരുണ്ട്. പ്രത്യേകിച്ചും കോര്‍പറേറ്റ് മേഖലയിലാണ് ഇതധികവും. ജീവനക്കാരില്‍ പലരും മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും മേലധികാരികള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. പലപ്പോഴും ചിരിച്ചുതള്ളുകയാണ് ചെയ്യുക. ഇത്തരത്തില്‍ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചപ്പോഴുണ്ടായ ദുരനുഭവം റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. തനിക്ക് മാനസികമായി വയ്യ എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഓഫീസില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗുരുഗ്രാമില്‍ നിന്നുള്ള യുവതി പങ്കുവെച്ചത്.
മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോഴും അത് തമാശയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് യുവതി കുറിച്ചു. 'മാനസികാരോഗ്യം പ്രശ്‌നത്തിലാണെന്നും ജോലിയെടുക്കാനുള്ള അവസ്ഥയില്‍ അല്ലെന്നും മാനേജറോട് ഒരു ആഴ്ച്ച മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മാനേജര്‍ അത് ഗൗരവത്തില്‍ എടുത്തില്ല. ആരും സഹാനുഭൂതി കാണിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഓഫീസില്‍വെച്ച് ഞാന്‍ തകര്‍ന്നുപോയി. എനിക്കുതന്നെ വിശ്വസിക്കാനായില്ല. ഞാന്‍ നിര്‍ത്താതെ കരഞ്ഞു. ഒരു മാറ്റവുമുണ്ടായില്ല.'യുവതി കുറിച്ചു.
തുടര്‍ന്ന് ഔദ്യോഗികമായി മെയില്‍ അയച്ചു എന്നും അവര്‍ പറയുന്നു. 'മാനസികമായി വയ്യെന്നും കുറച്ച് ദിവസം അവധി വേണമെന്നും ഫോണ്‍കോളുകള്‍ എടുക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ലെന്നും വിശദീകരിച്ചാണ് മെയില്‍ അയച്ചത്. എന്നാല്‍ മെയില്‍ കിട്ടിയതിന് പിന്നാലെ അവര്‍ എന്നെ പരിഹസിച്ചുകൊണ്ടാണ് സംസാരിച്ചത്. അത് എന്നെ പൂര്‍ണമായി തകര്‍ത്തു. എന്റെ മാനസികാവസ്ഥയെ കാറിപ് താറന്ന് മാനസികാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത് എന്നെ പരിഹസിക്കാനും ചിരിക്കാനുമുള്ള കാരണമായി മാറുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.'യുവതി പറയുന്നു. എപ്പോഴും നന്നായി ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു താനെന്നും തന്നോട് ഇങ്ങനെ പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്നും യുവതി വ്യക്തമാക്കുന്നു.