-->
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡിന്റെ താരറാണിയായി മാറിയ അഭിനേത്രിയാണ് കരീന കപൂര്‍ ഖാന്‍. പട്ടൗഡി കുടുംബത്തിലെ മരുമകളായി സെയ്ഫ് അലി ഖാന്റെ ഭാര്യയായി രാജകുടുംബത്തിലേക്ക് എത്തിയതോടെ കരീനയുടെ ലുക്കിലും മട്ടിലുമൊക്കെ ഒരു റോയല്‍ ടച്ച് വരാന്‍ തുടങ്ങി. ബോളിവുഡിന്റെ ബേബോ പൊതുച്ചടങ്ങുകളിലും ഫംഗ്ഷനുകളിലുമൊക്കെ എത്തുമ്പോള്‍ ആരും ഒരു നിമിഷം നോക്കി നിന്നു പോകും. സ്ക്രീനിന് പുറത്ത്, ബെബോ പുറത്തുവരുമ്പോൾ, അത് വെറും ഫാഷൻ മാത്രമല്ല, ആകര്‍ഷണീയതയുടെ നിമിഷമാണ്. താരം ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ എന്നും ഫാഷന്‍ മേഖലയില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ലെപ്പാർഡ് പ്രിന്റ് സബ്യസാച്ചി കേപ്പ് സാരിയിൽ ‘ക്വീന്‍ എനര്‍ജി’യില്‍ തിളങ്ങുകയാണ് കരീന കപൂര്‍ ഖാന്‍. സാധാരണയായി മനീഷ് മല്‍ഹോത്രയുടെ ഡിസൈനിംഗില്‍ തിളങ്ങാറുള്ള താരത്തിന്റെ സബ്യസാചിയുടെ സൃഷ്ടിയിലുള്ള ലുക്ക് ഒരു ഫാഷൻ നിർവചനമായി മാറുകയാണ്. ‘‘വ്യത്യസ്തമായ ഒരു പ്രീമിയർ നൈറ്റ്...ഇത്രയും ഊഷ്മളമായ സ്വാഗതത്തിന് എച്ച് എസ് ബിസിയ്ക്ക് നന്ദി...സബ്യസാച്ചിയില്‍ തിളങ്ങി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കരീന സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ജാക്കറ്റ് സെറ്റുള്ള ആനിമല്‍ പ്രിന്റ് കേപ്പ് സാരിക്ക് രാജകീയ പ്രൗഡി നല്‍കാനായി മഹാറാണി ശൈലിയിലുള്ള ഒരു ഗംഭീര ചോക്കർ നെക്ലേസും താരം ധരിച്ചിട്ടുണ്ട്. ഷോള്‍ഡറില്‍ കൂടിയുള്ള ഡ്രേപ്പ് സ്റ്റൈലിംഗ് കൂടിയായപ്പോള്‍ സാരിക്ക് ഒരു ഡ്രാമാറ്റിക് ലുക്ക് വന്നുചേര്‍ന്നു. ആഡംബരതയ്ക്കൊപ്പം മിനിമല്‍ ലുക്ക് നല്‍കാനായി കരീന സ്റ്റോണ്‍ കമ്മലുകളും മോതിരവുമാണ് അണിഞ്ഞിരിക്കുന്നത്. സാരിയുടെ താഴെയായിട്ടുള്ള ഒരു ജോഡി കറുത്ത സ്റ്റൈലെറ്റോകൾ സിൽഹൗറ്റിനെ കൂടുതൽ നീട്ടിക്കാണിച്ചിട്ടുമുണ്ട്. റിയ കപൂറിന്റെ സ്റ്റൈലിംഗ് കൂടിയായതോടെ ബേബുവിന് ശരിക്കുമൊരു റോയല്‍ ലുക്കായി.
കരീനയുടെ ഏറ്റവും പുതിയ ഫാഷൻ ഔട്ടിംഗ് താരശക്തി പദവി കൂടുതൽ എലഗന്റാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് കരീനയുടെ ചിത്രങ്ങള്‍. താരത്തിന്റെ പോസ്റ്റിന് താഴെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ കമന്റ് നല്‍കുന്നുണ്ട്. തന്റെ അനിയത്തിയും സ്റ്റൈലിസ്റ്റുമായ റിയയ്ക്ക് ക്രെഡിറ്റ് നല്‍കിയാണ് സോനം കപൂറിന്റെ കമന്റ്. ‘റിയ കപൂറിന്റെ സ്റ്റൈലിംഗിൽ ഞങ്ങൾ വിശ്വസിക്കുന്നു...’ എന്നാണ് സോനം കുറിച്ചത്. ‘ശരിക്കും ക്വീന്‍ തന്നെ’ എന്നാണ് പല ആരാധകരും കുറിക്കുന്നത്.