-->
കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ ഹൈക്കോടതി. വയനാട്ടിലെ ദുരന്തബാധിതരോട് ചിറ്റമ്മനയം വേണ്ടെന്നും ഗുജറാത്തിലും അസമിലും രാജസ്ഥാനിലും ദുരന്തബാധിതര്‍ക്ക് ആയിരം കോടിയിലധികം രൂപ കൊടുത്ത കേന്ദ്രസര്‍ക്കാര്‍ ആരെയാണ് വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
കേന്ദ്രത്തോട് കാരുണ്യമല്ല ചോദിക്കുന്നതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയാനാകില്ലെന്നും ഇതിന് ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാല്‍ മനസ്സുണ്ടോ എന്നാണ് പ്രശ്‌നമെന്നും പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും പറഞ്ഞു. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം തള്ളുകയും ചെയ്തു.
ദുരന്തബാധിതരുടെ ബാങ്കുവായ്പുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് ചില ബാങ്കുകള്‍ ജപ്തി നടപടി തുടങ്ങിയിരുന്നു. ഇതിനും സുപ്രീംകോടതി സ്‌റ്റേ നല്‍കി. നേരത്തേയും അതിശക്തമായ വിമര്‍ശനം ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും ആഭ്യന്തര തീരുമാനങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചു.