-->
ഓൺലൈൻ ഗെയിമിലൂടെയുണ്ടായ കടം വീട്ടാൻ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ അമ്മ പിടികൂടിയ 20 വയസ്സുകാരനായ മകൻ 45കാരിയായ അമ്മയെ കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ നിഖിൽ യാദവ് എന്ന ഗോലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന്, വീട്ടിൽ അജ്ഞാതർ നടത്തിയ കവർച്ചക്കിടെ തനിക്കും അമ്മയ്ക്കും ആക്രമണമേറ്റുവെന്ന് അവകാശപ്പെട്ട് നിഖിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
ലഖ്‌നൗവിലെ പിജിഐ പോലീസ് സ്റ്റേഷൻ, സർവൈലൻസ് സെൽ, സൗത്ത് സോൺ ക്രൈം ടീം എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു.
കല്ലി ഏരിയയിലെ താമസക്കാരനായ നിഖിലിന് ഓൺലൈൻ ഗെയിമുകളോട്, പ്രത്യേകിച്ച് ഏവിയേറ്റർ എന്ന വാതുവെപ്പ് ഗെയിമിനോട്, ഗുരുതരമായ ആസക്തിയുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലൂടെ ഇയാൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.
കടക്കാർ സമ്മർദ്ദം ചെലുത്തിയതോടെ നിഖിൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ തുടങ്ങി. ഒക്ടോബർ 3 ന് അമ്മ രേഷ്മ യാദവ് മോഷണത്തിനിടെ മകനെ കൈയോടെ പിടികൂടി. ഇത് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കത്തിലേക്ക് നയിച്ചു. തുടർന്നുണ്ടായ ദേഷ്യത്തിൽ ഇയാൾ അമ്മയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിസിപി (ലഖ്‌നൗ സൗത്ത്) നിപുൺ അഗർവാൾ പറഞ്ഞു.
കൊലപാതകത്തിന് ശേഷം, വീടാകെ അലങ്കോലപ്പെടുത്തി കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഇയാൾ, അപരിചിതർ വീട്ടിൽ അതിക്രമിച്ച് കയറി തങ്ങളെ ആക്രമിച്ചുവെന്ന് പറഞ്ഞ് പിതാവിനെ വിളിച്ച് കള്ളക്കഥ അവതരിപ്പിക്കുകയും ചെയ്തു.