-->
ചരിത്രകാലം മുതലേ ഏറെ പ്രശസ്തി ആര്‍ജ്ജിച്ച കടലാണ് ചെങ്കടല്‍ അഥവാ റെഡ് സീ. ചുവന്ന നിറമുള്ള കടലോ എന്നാകും ചിന്തിക്കുക. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഒരു ചെറുഭാഗമാണ് ചെങ്കടല്‍. സൗദി അറേബ്യയിലെ കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ ചെങ്കടലിനെ കുറിച്ച് കണ്ടെത്തിയ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ഗവേഷകര്‍ പറയുന്നത് 6.2 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടല്‍ മുഴുവനായും വരണ്ടുണങ്ങി പോയി എന്നാണ്. പിന്നീട് നടന്ന വന്‍ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലം വീണ്ടും പ്രദേശത്തേക്ക് പ്രവഹിച്ചതോടെയാണ് ചെങ്കടലിന് വീണ്ടും ജീവന്‍ വച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഈ സംഭവവികാസങ്ങള്‍ നടന്ന കാലഘട്ടത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
സീസ്മിക്ക് ഇമേജിങ്, മൈക്രോ ഫോസില്‍ അനാലിസിസ്, ജിയോ കെമിക്കല്‍ ഡേറ്റിങ് എന്നിവയിലൂടെയാണ് ഗവേഷകസംഘം 100,000 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ജിയോളജി സംബന്ധിച്ച് ഈ കാലയളവ് വളരെ ചെറുതായാണ് കണക്കാക്കപ്പെടുന്നത്. ഗവേഷകര്‍ പറയുന്ന കാലയളവില്‍ മെഡിറ്ററേനിയനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ചെങ്കടല്‍, വിജനമായ ഒരു ഉപ്പുതടമായി മാറി. പിന്നീട് ഈ വരള്‍ച്ച അവസാനിച്ചത് അഗ്‌നിപര്‍വതങ്ങള്‍ക്കിടയിലൂടെയും മറ്റും ശക്തമായ വെള്ളപ്പൊക്കത്തിലൂടെ വെള്ളം ഇരച്ചുകയറിയതോടെയാണ്. ഇതോടെ മറ്റ് ഇന്ത്യന്‍ മഹാസമുദ്രവുമായുള്ള നീണ്ടുനില്‍ക്കുന്ന ബന്ധം ചെങ്കടലിന് വീണ്ടും സ്ഥാപിക്കാനായി.
ആദ്യ ഘട്ടത്തില്‍ വടക്ക് ദിക്കിലുള്ള പുറ്റുകളിലൂടെയാണ് ചെങ്കടല്‍ മെഡിറ്ററേനിയനുമായി ചേര്‍ന്നിരുന്നത്. ഈ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ചെങ്കടല്‍ ഉപ്പുതടമായി മാറി. 30 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ പ്ലേറ്റില്‍ നിന്നും അറേബ്യന്‍ പ്ലേറ്റ് വേര്‍പെടാന്‍ ആരംഭിച്ചതാണ് ചെങ്കടല്‍ രൂപപ്പെടാന്‍ കാരണം.