-->
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകഹൃദയം കീഴടക്കിയിരുന്ന മഞ്ജുവാര്യര്‍ കരിയറിന്റെ തിളക്കത്തിലാണ് ദിലീപിനെ വിവാഹം ചെയ്ത് വെള്ളിത്തിരയോട് ഗുഡ്ബൈ പറഞ്ഞത്. ദിലീപുമായി വേര്‍പിരിഞ്ഞതടക്കമുള്ള സ്വകാര്യ ജീവിതത്തിലെ പല ദുഃഖങ്ങളും മറി കടന്ന താരം പിന്നീട് വെള്ളിത്തിരയില്‍ ഒരു ഫിനിക്സ് പക്ഷിയെപ്പോലെയാണ് പറന്നുയര്‍ന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലടക്കം സ്വീകാര്യതയുള്ള താരമായി മാറാന്‍ മടങ്ങിവരവില്‍ മഞ്ജുവിന് കഴിഞ്ഞു.
മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കം കുഞ്ചാക്കോ ബോബന്റെ നായികയായി ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തില്‍ നായികയായി തിളങ്ങിയിട്ടായിരുന്നു. അന്നു തുടങ്ങിയതാണ് മഞ്ജുവാര്യരും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സൗഹൃദം. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടേം അടുത്ത സുഹൃത്താണ് മഞ്ജു. ഇവര്‍ ഒരുമിച്ചുള്ള വെക്കേഷന്‍ യാത്രകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തരംഗമായി മാറാറുമുണ്ട്.
ഇപ്പോഴിതാ ജപ്പാന്‍ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനും കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് മഞ്ജുവാര്യര്‍. കുഞ്ചാക്കോ ബോബനൊപ്പം ചിരിച്ചു ആസ്വദിക്കുന്ന ക്യൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ രസകരം. ‘‘ചാക്കോച്ചാ... കൊളാബ് റിക്വസ്റ്റ് വന്നോ ??? കുറിപ്പ്: ഇന്‍സ്റ്റഗ്രാം ആപ്പിലെ ചില നിസ്സാരമായ പിഴവുകൾ കാരണം ചാക്കോച്ചനുമായി സഹകരിക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുവാര്യര്‍ കുഞ്ചാക്കോ ബോബനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. കൂടുതലും മഞ്ജുവാര്യരുടെയും ചാക്കോച്ചന്റെയും ഫ്രണ്ട്ഷിപ്പിനെക്കുറിച്ചുള്ള കമന്റുകളാണ്. ‘ഫ്രണ്ട്ഷിപ്പ് ഗോള്‍സ്, എത്ര മനോഹരമായ ചിത്രങ്ങൾ നിങ്ങളുടെ സൗഹൃദവും ബന്ധവും അനുദിനം ശക്തമാകട്ടെ, നിങ്ങൾ സന്തോഷവതിയാണെന്ന് കാണുന്നതിൽ വളരെ സന്തോഷം, നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍.