-->
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ചിത്രമാണ് കാന്താരാ ചാപ്റ്റര്‍ 1. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തൂക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അന്നു മുതല്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇന്നലെയാണ് എല്ലാ ആകാംക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് കാന്താര തിയേറ്ററുകളിലെത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ കാന്താരയും നടനും സംവിധായകനുമൊക്കെ റിഷഭ് നിറഞ്ഞാടുകയാണ്. ഭയവും ഭക്തിയും മാസും ഒന്നിച്ചു ചേർന്ന ഒരു ഗംഭീര ദൃശ്യവിരുന്നു തന്നെയാണ് കാന്താര ചാപ്റ്റർ 1 പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ റിഷഭിനെയും കാന്താരയുടെ മുഴുവന്‍ ടീമിനെയും മലയാളത്തിന്റെ പ്രിയതാരം ജയറാമിനെയും ആശംസിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. റിഷഭിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ജയസൂര്യയുടെ കുറിപ്പ്. ‘‘കാന്താര....‘ദൈവത്തിന്റെ തിറയാട്ടം, അഭിനയത്തിന്റെ നിറഞ്ഞാട്ടം...’റിഷഭ്, നിങ്ങൾ ഇൻഡ്യൻ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട്. സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാവ്
ഇതിലെ എല്ലാ റിഷഭും അത്ഭുതാവഹം... പ്രേക്ഷകരിൽ ദൈവീകാനന്ദം, നിറച്ച മുഴുവൻ കാന്താര ടീമിനും ഹൃദയത്തിൽ നിന്നുള്ള നന്ദിപൂർവമായ ആശംസകൾ...പ്രത്യേകിച്ച് നമ്മുടെ ജയറാമേട്ടനും....‘കാന്താര’ അജ്ഞാത ലോകത്തേക്കുള്ള മനോഹരമായ ഒരു ആത്മീയ യാത്ര...’’ എന്നാണ് ജയസൂര്യ കുറിച്ചിരിക്കുന്നത്. ജയസൂര്യയുടെ കുറിപ്പിനും ആശംസകളും നിറഞ്ഞ സ്നേഹമാണ് ആരാധകര്‍ കമന്റുകളിലൂടെ നല്‍കുന്നത്.
ഗുളികനായുള്ള ഋഷഭിന്റെ ട്രാൻസ്ഫർമേഷൻ രംഗങ്ങള്‍ കാണികളെ രോമാഞ്ചം കൊള്ളിക്കുകയാണ്. കാന്താരയുടെ കോർ തന്നെ ദൈവികതയാണ്. ഇത് ഒരുതരത്തിലും വിശ്വാസികള്‍ക്ക് മങ്ങലേല്‍ക്കാത്ത വിധത്തില്‍ പ്രേക്ഷർക്കു മുന്നിലെത്തിക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന ഋഷഭിനു സാധിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ആദ്യ ഭാഗത്തേക്കാള്‍ കളക്ഷനും അഭിപ്രായവുമാണ് ഒറ്റ ദിവസം കൊണ്ട് രണ്ടാം ഭാഗം നേടുന്നത്. കന്നഡ സിനിമയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ ‘കാന്താര’ സിനിമയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി കാന്താര തേരോട്ടം നടത്തുമ്പോള്‍ മലയാളിക്കും അതില്‍ അഭിമാനിക്കാം. അതിനൊരു പ്രധാന കാരണം മലയാള സിനിമയുടെ സ്വന്തം ജനപ്രിയ നായകൻ ജയറാം ചിത്രത്തില്‍ നിറഞ്ഞ കൈയ്യടി നേടുന്നു എന്നതു തന്നെയാണ്. അവിസ്മരണീയമായ പ്രകടനമാണ് ജയറാം കാഴ്ചവച്ചത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. അടുത്തകാലത്തായി പാൻ ഇന്ത്യൻ ലെവലില്‍ തിളങ്ങുന്ന നിരവധി അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജയറാമിന്റെ ‘കാന്താര’യുടെ പ്രകടനത്തിന് നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ട്.
ഒരു തെന്നിന്ത്യൻ ചിത്രത്തിനായി മലയാളികളടക്കം ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇത് ആദ്യമായിരിക്കാം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഋഷഭ് ഷെട്ടി തന്നെ കഥയെഴുതി സംവിധാനം ചെയ്ത ‘കാന്താര’യുടെ ആദ്യഭാഗത്തിനു തന്നെ വമ്പൻ സ്വീകരണമാണ് പ്രേക്ഷകർ നല്‍കിയത്. അതിനാല്‍ തന്നെ അടുത്ത ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.
മിത്തോളജിയും സംസ്കാരവും രാഷ്ട്രീയവും ഇഴചേർത്ത് നിർമ്മിച്ച പടത്തില്‍ ഗുളികനായി ഋഷഭ് ഉറഞ്ഞുതുള്ളുകയാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയില്‍ എത്തിക്കുന്ന ഭക്തിനിർഭരമായ രംഗങ്ങളാണ് ചിത്രത്തില്‍. ആദ്യഭാഗം കാണാതെ പോകുന്നവർക്കും മനസ്സിലാകുന്ന വിധത്തിലാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. കഥയ്ക്കും പെർഫോമൻസിനും ഒപ്പം തന്നെ കാന്താരാ 2 വിന്റെ ടെക്നിക്കല്‍ സൈഡും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. മേക്കിങ്ങില്‍ ഇന്ത്യൻ സിനിമയുടെ അടുത്ത അധ്യായം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കാന്താര നിർമ്മിച്ചിരിക്കുന്നത്.