Thursday, March 12, 2026 Last Updated 18 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 02.25 PM

‘‘വിളിച്ച്‌ വരുത്തി എല്ലാം നശിപ്പിച്ചു, അവര്‍ എന്നെ പബ്ലിക്കിന് ഇട്ട് കൊടുത്തു; ബിഗ് ബോസില്‍ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം...’ മസ്താനി

പ്രേക്ഷകമനസ്സ് കീഴടക്കിയ ക്യൂട്ട് അവതാരകയായിരുന്ന മസ്താനി ബിഗ് ബോസില്‍ എത്തിയതോടെ പലരുടെയും വെറുപ്പ് സമ്പാദിച്ചു. ഇപ്പോഴിതാ ബിഗ് ബോസില്‍ പോയത് വലിയ മണ്ടത്തരമായെന്ന് പറയുകയാണ് മസ്താനി.
uploads/news/2025/09/803428/Untitled-4.jpg
Anchor Mastani shares big boss experience (Image Source: Youtube)

ടെലിവിഷന്‍ ഷോ അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. ആദ്യം മറ്റു ചാനലുകളില്‍ അഭിമുഖങ്ങള്‍ ചെയ്ത് കൈയടി നേടിയ ശേഷം പിന്നീട് സ്വന്തം ചാനലിലൂടെ ​കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയവര്‍. അവതരണശൈലിയും ചോദ്യങ്ങളുടെ തെരഞ്ഞെടുപ്പും വ്യാപ്തി നിറഞ്ഞ അഭിമുഖങ്ങളുമാണ് ഒരു കൂട്ടരെ വ്യത്യസ്തരാക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ ക്യൂട്ട്നെസ് കൊണ്ടും ലളിതമായ പെരുമാറ്റം കൊണ്ടും കുസൃതി നിറഞ്ഞ സംഭാഷണങ്ങളിലൂടെയും ഒരു പരിധി വ​രെ മണ്ടത്തരങ്ങളിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയവരാണ്.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം അവതാരകരില്‍ മുന്നിലായിരുന്നു മസ്താനി. മസ്താനിയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത അഭിമുഖങ്ങളായി അവ മാറിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ എല്ലാം മാറി മറിഞ്ഞു. മലയാളം ബിഗ് ബോസ് ഏഴാം സീസണിലെ വൈല്‍ഡ് കാർഡ് എൻട്രി ആയി എത്തി ഏറെ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയാണ് മസ്താനി പുറത്തായത്.
ഇപ്പോഴിതാ ഷോയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും പുറത്തുവന്നതിന് ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചും മസ്താനി സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസില്‍ പോയത് ജീവിതത്തില്‍ താൻ എടുത്ത ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മസ്താനി തുറന്നടിച്ചു പറയുന്നു.
‘‘പ്രശസ്തരെ അഭിമുഖം ചെയ്ത് നേടിയെടുത്ത നല്ല ഇമേജ് ബിഗ് ബോസ് ഷോയിലൂടെ നെഗറ്റീവായി. എന്നെ ഷോയിലേക്ക് ക്ഷണിച്ചത് നല്ല ഇമേജ് ഉണ്ടെന്ന് പറഞ്ഞാണ്. എന്നാല്‍ ഇപ്പോള്‍ അവർ തന്നെ എല്ലാം നശിപ്പിച്ച്‌ കയ്യില്‍ തന്നു. എന്നെ വിളിച്ച്‌ വരുത്തി അവർ എല്ലാം നശിപ്പിച്ചു. ഉമ്മ അന്ന് കരഞ്ഞു, പബ്ലിക്കിന് അവർ എന്നെ ഇട്ട് കൊടുത്തു. എന്റെ എവിക്ഷൻ എപ്പിസോഡില്‍ വലിയ ടിആർപി കയറി, കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചതുപോലെ തോന്നി.
ബിഗ് ബോസ് ഒരു ഗെയിം ആണ്. ഞാന്‍ അവിടെ നെഗറ്റീവ് ഗെയിമാണ് കളിച്ചത്. അതുകൊണ്ടാണ് എനിക്ക് നെഗറ്റീവും ട്രോളുകളും കിട്ടുന്നത്. വിമർശനങ്ങളെ ഞാൻ സ്വീകരിക്കുന്നു. അപ്പാനി ശരത്ത് പുറത്തായപ്പോഴുള്ള എന്റെ ആഹ്ളാദപ്രകടനം വലിയ വിവാദമായിരുന്നു. ആ സമയത്ത് ഞാന്‍ അത്രയും ഓവറാകേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി. മലയാളികള്‍ ഇമോഷൻസ് വെച്ചാണ് കൂടുതല്‍ കാര്യങ്ങള്‍ കണക്റ്റ് ചെയ്യുന്നത്. ഒരാള്‍ പുറത്താകു​മ്പോള്‍ ഇത്രയും തുള്ളിച്ചാടുന്നത് ആർക്കും അംഗീകരിക്കാൻ പറ്റില്ല."
സഹ മത്സരാർത്ഥികളായ അക്ബറും അപ്പാനി ശരത്തും എനിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് അപ്പാനിയോട് ദേഷ്യം തോന്നാൻ കാരണം. അക്ബർ എന്നെ ‘ചന്തപ്പുര മസ്താനി’ എന്ന് വിളിച്ചു. അക്ബറും അപ്പാനിയും എന്നെയും ലക്ഷ്മിയെയും ‘ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ കക്കൂസുകള്‍" എന്ന് വിളിച്ചു. അപ്പാനി ശരത്ത് എന്നെ സ്ലട്ട് ഷെയ്മിങ്ങിന് സമാനമായ മോശം തെറി വിളിച്ചു.
ഇതൊന്നും ലൈവില്‍ വന്നിട്ടില്ല, എന്നാല്‍ ഞാൻ പ്രതികരിച്ച വാക്കുകള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് പുറത്തുവന്നു. ഞാൻ തെറി കേട്ടിട്ടും അപ്പാനി ക്ഷമ ചോദിക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് അയാള്‍ പുറത്താകണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍, അപ്പാനിയുടെ ഗർഭിണിയായ ഭാര്യയെക്കുറിച്ച്‌ ഞാൻ പ്രതികരിച്ചത് തെറ്റായിപ്പോയി...’’ മസ്താനി വികാരധീനയായി പറഞ്ഞു.
ഷോയുടെ എഡിറ്റിംഗിനെക്കുറിച്ചും മസ്താനി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ‘‘എന്റെ ദേഷ്യവും നെഗറ്റീവുകളും മാത്രമാണ് ഷോയില്‍ കൂടുതലും കാണിച്ചത്. എന്റെ നെഗറ്റീവ്‌സാണ് പതിനാല് ദിവസത്തെ എപ്പിസോഡിലും ലൈവിലും കൂടുതലും വന്നത്. വീക്കെൻഡ് എപ്പിസോഡില്‍ എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല. മത്സരാർത്ഥികള്‍ക്ക് സ്ക്രിപ്റ്റ് ഇല്ലെങ്കിലും ബിഗ് ബോസ് ടീമിന് വ്യക്തമായ സ്ക്രിപ്റ്റ് ഉണ്ട്. ഏത് കണ്ടന്റ് പുറത്ത് പോകണം, എങ്ങനെ വരണം എന്നൊക്കെ അവർക്ക് അറിയാം.
പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് ആളുകള്‍ ബിഗ് ബോസില്‍ പോകുന്നത്, അത് വെച്ച്‌ നോക്കുമ്പോള്‍ ഞാൻ പോകേണ്ടതില്ലായിരുന്നു. നേരംകെട്ട നേരത്ത് ഓരോ ബുദ്ധിമോശം തോന്നും. ഞാൻ ഒരിക്കലും പോകരുതായിരുന്നു. ഇനി തിരിച്ചു വിളിച്ചാലും പോകില്ല.
ഹൗസിന്റെ വാതില്‍ കടന്ന് പുറത്ത് വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകളോടുള്ള ദേഷ്യവും സങ്കടവും എല്ലാം ഞാൻ ഉപേക്ഷിച്ചു. ഹൗസില്‍ നടന്നതിന്റെ പേരില്‍ പുറത്ത് വന്ന് ഗെയിം കളിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല," മസ്താനി നയം വ്യക്തമാക്കി. തന്റെ പക്ഷം പ്രേക്ഷകരോട് തുറന്നുപറയേണ്ടത് അത്യാവശ്യമായതിനാലാണ് ഇതെല്ലാം പറയുന്നതെന്നും മസ്താനി കൂട്ടിച്ചേർത്തു.

Ads by Google
Tuesday 30 Sep 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW