Saturday, March 14, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 12.51 PM

‘കണ്ണില്‍ കുസൃതിയും തോളുചരിച്ചുള്ള നടത്തവുമായി വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലാലേട്ടന്‍; വൈദ്യുത പ്രവാഹം പോലെയുള്ള പരകായ പ്രവേശമാണത്...’ പ്രേംകുമാര്‍

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം കിട്ടിയ സന്തോഷം ആരാധകരും സഹതാരങ്ങളുമടക്കം എല്ലാവരും ഏറ്റെടുക്കുന്നുണ്ട്. ഇപ്പോഴിതാ പ്രേംകുമാറെഴുതിയ കുറിപ്പാണ് ആരാധകര്‍ തരംഗമാക്കുന്നത്.
Mohanlal, Dada Saheb Phalke Award, Premkumar
Premkumar about Mohanlal (Image Source: Facebook)

മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന് ദാദാ സാഹേബ് പുരസ്കാരം ലഭിച്ച സന്തോഷം ആരാധകരും സഹപ്രവര്‍ത്തകരും സഹതാരങ്ങളും കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമടക്കം എല്ലാവരും ആഘോഷമാക്കിയതാണ്. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സമയം ചെലവഴിച്ചതിനെക്കുറിച്ചും മോഹന്‍ലാല്‍ സിനിമകള്‍ സംവിധാനം ചെയ്തതിനെക്കുറിച്ചും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചുമൊക്കെ പലരും സോഷ്യല്‍ മീഡിയയിലൂടെ വിശദമായി കുറിച്ചിരുന്നു.
ഇപ്പോഴിതാ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ കുറിച്ചും താരത്തിനൊപ്പം അഭിനയിച്ച സിനിമകളുടെ ഓർമ്മകള്‍ പങ്കുവച്ചും കുറിപ്പ് പങ്കിടുകയാണ് നടനും സംസ്ഥാന ചലച്ചിത അക്കാഡമി ചെയർമാനുമായ പ്രേംകുമാർ. ഒരു കാലത്ത് ഞാൻ ഉള്‍പ്പെടെയുള്ള എത്രയോ പേരുടെ ക്യാമ്പസ് സ്വപ്നങ്ങളെ സ്‌നേഹം കൊണ്ടും പ്രണയംകൊണ്ടും പ്രതീക്ഷകള്‍ കൊണ്ടുമെല്ലാം വർണോജ്ജ്വലമാക്കിയ താരങ്ങളുടെ താരമാണ് മോഹൻലാലെന്ന് പ്രേംകുമാര്‍ കുറിച്ചു. ബട്ടർഫ്ളൈ എന്ന ചിത്രത്തിലാണ് മോഹൻലാലുമൊത്ത് അഭിനയിക്കാനുളള ആദ്യത്തെ അവസരം ലഭിച്ചതെന്നും തുടക്കക്കാരനായ തന്നെ മോഹന്‍ലാല്‍ പ്രോത്സാഹിപ്പിച്ചുവെന്നും മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തില്‍ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തന്നെ ആദ്യം വിളിച്ചുവെന്നും പിന്നീട് ആ വേഷം ഒഴിവാക്കപ്പെട്ടുവെന്നും പ്രേംകുമാർ കുറിച്ചു.
‘‘മോഹൻലാൽ- അഭിനയകലയുടെ ആകാശപ്പൊക്കം.
വെള്ളിത്തിരയിൽ നാലര പതിറ്റാണ്ട് പിന്നിടുന്ന മഹാത്ഭുതമാണ് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലേട്ടൻ. മാന്ത്രികാനുഭവമായി മാറുന്ന അഭിനയത്തിൽ തുടങ്ങി സംഘാടനവും സംവിധാനവും ഉൾപ്പെടെയുള്ള സിനിമയുടെ അപ്രമാദിത്തം പേറുന്ന സമസ്ത മേഖലയിലും തന്റെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത ആ പ്രതിഭാ വിസ്മയം മലയാള സിനിമയുടെ പുൽക്കൊടി മുതൽ മഹാകാശം വരെ നിറഞ്ഞു നിൽക്കുന്നു.
ഒരു കാലത്ത് ഞാൻ ഉൾപ്പെടെയുള്ള നിരവധി പേരുടെ കാമ്പസ് സ്വപ്നങ്ങളെ സ്നേഹം കൊണ്ടും പ്രണയം കൊണ്ടും പ്രതീക്ഷകൾ കൊണ്ടുമെല്ലാം വർണോജ്ജ്വലമാക്കിയ താരങ്ങളുടെ താരമാണ് ലാലേട്ടൻ.
നോക്കിലും വാക്കിലുമെല്ലാം അനുഭൂതിയുടെ മോഹക്കാഴ്ചകൾ തീർത്ത ലാലേട്ടന്റെ സിനിമകൾ മലയാളിയുടെ ആത്മഭാഷണങ്ങളായി. ആ ഭാവങ്ങളെയും ചലനങ്ങളേയും നമ്മൾ ആവേശത്തോടെ പകർത്തി. നാട്ടിലെ ചില്ലറ നാടക പ്രവർത്തനങ്ങളും ഡ്രാമാ സ്കൂളിലെ ചിട്ടയാർന്ന പരിശീലനവും നാടക പഠനവും ഒക്കെ പിന്നിട്ട് ഞാനും പിന്നീട് സിനിമയുടെ തേജോമയമായ ലോകത്ത് എത്തി. ഈ രംഗത്ത് എന്റെ എളിയ തുടക്കം ടെലിവിഷനിലൂടെയായിരുന്നു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ലംബോ’ എന്ന ടെലിഫിലിമിൽ ‘ലംബോ’ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ടെലിവിഷനിലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് എനിക്ക് ലഭിച്ചു. തുടർന്ന് സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കി പി എ ബക്കർ സംവിധാനം ചെയ്ത ‘സഖാവ്’ സിനിമയിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും അദ്ധ്വാനിക്കുന്നവരുടേയും അശരണരുടെയും മനസിൽ എക്കാലവും രജതനക്ഷത്രവുമായ സ: പി. കൃഷ്ണപിള്ളയുടെ ജീവിത ചരിത്രമുഹൂർത്തങ്ങളെ കാലം സാക്ഷിയാക്കി അവതരിപ്പിക്കുവാൻ ലഭിച്ച ആ വലിയ അവസരവും അതിനെ തുടർന്ന് കിട്ടിയ ചില ചെറിയ ചെറിയ അവസരങ്ങളും എന്നെ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന നടനാക്കി.
അങ്ങനെ തുടരവെയാണ് വളരെ യാദൃശ്ചികമായി ലാലേട്ടൻ നായകനായുള്ള ഒരു ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. സത്യത്തിൽ ആ അവസരം ലഭിച്ചു എന്നതിനേക്കാൾ, വിരൽത്തുമ്പിലും നടനവൈഭവത്തിന്റെ പ്രാണമുദ്ര പേറുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം എന്നിലേക്ക് ദൈവാനുഗ്രഹത്താൽ വന്നു ചേർന്നു, എന്ന് പറയുന്നതാകും ശരി.
ഒരു ദിവസം എനിക്ക് ഒരു ഫോൺ കോൾ വരുന്നു.
‘‘ബാംഗ്ലൂരിൽ ചിത്രീകരണം നടക്കുന്ന മോഹൻലാലിന്റെ ‘ബട്ടർഫ്ലൈസ്’ എന്ന ചിത്രത്തിൽ പ്രേംകുമാറിന് ഒരു വേഷമുണ്ട്, എത്രയും പെട്ടെന്ന് ബാംഗ്ലൂരിൽ എത്തണം...’’ എനിക്ക് എന്തെന്നില്ലാത്ത അത്ഭുതവും അടക്കാനാകാത്ത സന്തോഷവും തോന്നി. തൊട്ടുപിന്നാലെ എനിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും എത്തി. അങ്ങനെ ഞാൻ ഉടൻ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു. അതെന്റെ ആദ്യ വിമാന യാത്ര കൂടിയായിരുന്നു.
പ്രമുഖ നിർമ്മാതാവ് ശ്രീ സുരേഷ് കുമാറിന്റേതായിരുന്നു ആ ഫോൺ വിളി. അദ്ദേഹം നിർമ്മിച്ച ‘ബട്ടർഫ്ലൈസ്’ എന്ന ആ ചിത്രത്തിൽ പിറ്റേന്ന് തന്നെ ഞാൻ ജോയിൻ ചെയ്തു. അവിടെ ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ ആ സിനിമയിൽ കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങളിലേക്കു വരെ കടന്നു ചെന്ന് തകർത്താടുകയായിരുന്നു. അത്ഭുതം എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന സൃഷ്ടിപരമായ പരകായപ്രവേശം. ഒരു നിമിഷം എല്ലാം മറന്ന് ഞാൻ ആ ചാരുതയാർന്ന നടനവൈഭവം നോക്കി നിന്നു.
തിരുവനന്തപുരത്തിനടുത്ത് കഴക്കൂട്ടത്താണ് ഞാൻ ജനിച്ചു വളർന്നതെങ്കിലും ലാലേട്ടനെ ആദ്യമായി കാണുവാനും അദ്ദേഹത്തോടൊപ്പം അഭിനയിക്കുവാനുമുള്ള ആദ്യ അവസരം എനിക്ക് ബാംഗ്ലൂരിൽ വച്ചാണ് ഉണ്ടാകുന്നത്. കാലം അങ്ങനെയാണ് - മനുഷ്യജീവിതത്തിൽ ആകസ്മികമെന്ന് തോന്നിപ്പിക്കുന്ന വിധം മുൻകൂട്ടി നിശ്ചയിച്ചപോലെ ചിലതൊക്കെ ഒരുക്കിവയ്ക്കാറുണ്ടല്ലോ.
ആ ചിത്രത്തിൽ ഞാൻ ഒരു എം.പിയുടെ വേഷമാണ് ചെയ്തത്. പ്രമുഖ സംവിധായകനായ ശ്രീ രാജീവ് അഞ്ചൽ ആയിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. ഞാൻ അവതരിപ്പിച്ച ആ കഥാപാത്രത്തെ തിയേറ്ററിൽ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. എല്ലാ തുടക്കക്കാർക്കും അതിജീവനം ഏറെ കഠിനമായ സിനിമയിലെ കൂർത്ത ചരൽക്കല്ലുകൾ നിറഞ്ഞ ചവിട്ടടിപ്പാതയിൽ തെന്നി വീഴാതെ നടക്കുവാൻ എനിക്ക് ബട്ടർഫ്ലൈസിലെ ആ വേഷവും തുടർന്ന് ലഭിച്ച മറ്റു ചില വേഷങ്ങളും അനുഗ്രഹമായി.
വേണമെങ്കിൽ, അന്ന് അത്രയൊന്നും പ്രശസ്തനല്ലായിരുന്ന എന്നെ ആ റോളിൽ നിന്നും ലാലേട്ടന് ഒട്ടും സഹാനുഭൂതിയോ കാരുണ്യമോ കൂടാതെ വളരെ നിസ്സാരമായി ഒഴിവാക്കാമായിരുന്നു. പകരം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞ ഏതെങ്കിലും ഒരു വലിയ താരത്തെ ആ വേഷത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. മാത്രമല്ല, തുടക്കക്കാരൻ എന്ന പരിഗണനയോടൊപ്പം തന്നെ എത്രയോ വർഷങ്ങളായുള്ള പരിചയക്കാരൻ എന്നുള്ള അടുപ്പത്തോടെ ചേർത്തു നിറുത്തി ആ വേഷം ഭംഗിയായി ചെയ്യുവാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യാതൊരു ആടയലങ്കാരങ്ങളുമില്ലാത്ത ലാലേട്ടന്റെ നൈർമ്മല്യമുള്ള ആ സവിശേഷ പെരുമാറ്റം എന്നിൽ അദ്ദേഹത്തോടുള്ള ആദരവ് പതിന്മടങ്ങാക്കി. അന്നും ഇന്നും ലാലേട്ടൻ അങ്ങനെ തന്നെയാണ്.
വളരെ നിസ്സാരമായി ആർക്കും ചെയ്യാവുന്ന ഒരു സംഗതിയാണ് അഭിനയം എന്ന് ലാലേട്ടൻ അഭിനയിക്കുമ്പോൾ നമുക്ക് തോന്നും. പക്ഷേ അതുപോലെ ഒരു ഭാവമോ ചലനമോ പകർത്താൻ ശ്രമിക്കുമ്പോഴാണ് ആ പ്രതിഭയ്ക്കു മുന്നിൽ നമ്മൾ നമിച്ചു പോകുന്നത്. ആ നടനിൽ നിന്നും വാർന്നു വീഴുന്ന ഒരു നോട്ടമോ അല്ലെങ്കിൽ ഒരു ഭാവമോ പകർത്തുന്നത് അത്ര എളുപ്പമല്ല. ആ അഭിനയത്തിൽ വിരസമായ ആവർത്തനങ്ങളില്ല. അഭിനയത്തോട് ഒടുങ്ങാത്ത അഭിനിവേശം മാത്രം. അത് കെടാത്ത കനൽക്കട്ടകളായി ജ്വലിക്കുന്നു.
വൈദ്യുത പ്രവാഹം പോലെയുള്ള ഒരു പരകായ പ്രവേശം എന്ന് അതിനെ വിശേഷിപ്പിക്കാം. സഹജവും സ്വാഭാവികവുമായ പരാവർത്തനം. റിഹേഴ്സലിന്റെ സമയങ്ങളിൽ ലാലേട്ടൻ അധികം തയ്യാറെടുപ്പുകൾ നടത്താറില്ല അഥവാ ആന്തരികമായ മനനം ചെയ്യൽ ഉള്ളിൽ നടത്തുന്നുണ്ടാകുമെങ്കിലും അത് പുറത്തു കാട്ടാറില്ല. നൃത്തരംഗങ്ങളിലും അധികം റിഹേഴ്സൽ ചെയ്യാറില്ല. എല്ലാം ശ്രദ്ധയോടെ വീക്ഷിക്കും. ഒടുവിൽ ടേക്കിന്റെ സമയമാകുമ്പോൾ ആ അത്ഭുതം സംഭവിക്കും. നന്നായി റിഹേഴ്സൽ ചെയ്ത ആരെക്കാളും അദ്ദേഹത്തിന്റെ ആ നടന വൈഭവം ഏറെ മുകളിൽ എത്തും. പ്രസ്തുത കഥാപാത്രത്തിലേക്ക് ലാലേട്ടൻ ഇഴുകി ചേരും. അതൊരു അത്ഭുതകരമായ രാസപ്രവർത്തനമാണ്. ആർക്കും കണ്ടുപഠിക്കാനാകാത്ത നടന രസതന്ത്രം. അഭിനയ കലയുടെ ആകാശപ്പൊക്കത്തിലേക്കുയരുന്ന അസാധാരണ പ്രതിഭാസം.
പിന്നീട് ലാലേട്ടനുമായി ഞാൻ ഒന്നിച്ച് അഭിനയിക്കുന്നത് ‘ഗാന്ധർവം’ എന്ന ചിത്രത്തിലാണ്. ആ സിനിമയുടെ സംവിധാനം ശ്രീ. സംഗീത് ശിവനായിരുന്നു. ജഗതിച്ചേട്ടൻ, കുഞ്ചൻ ചേട്ടൻ എന്നിവരോടൊപ്പം ഒരു വർക് ഷോപ്പ് തൊഴിലാളിയുടെ വേഷമായിരുന്നു എനിക്ക്. വർക് ഷോപ്പിന്റെ ഓണർ ആയിട്ടാണ് ലാലേട്ടൻ ആ ചിത്രത്തിൽ അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി. സിനിമ സെറ്റുകളെ എപ്പോഴും ഉത്സവമാക്കി മാറ്റുന്ന അഭിനയ പ്രതിഭയും ഒപ്പം അസാധാരണ വ്യക്തിത്വവുമാണ് ലാലേട്ടൻ.
സിനിമയ്ക്കുള്ളിലും പുറത്തുമായി ജീവിക്കുന്ന ജീവിതത്തെ ലാലേട്ടൻ ഒരു പുഴ പോലെ ഒഴുക്കി ആനന്ദമാക്കുന്നു. സ്നേഹമുദ്രകൾ പതിപ്പിക്കുന്നു. അപാരമായ പ്രപഞ്ചാനുഭൂതിയെ കാണിച്ചുതരുന്ന ആനന്ദം. അതെ, പ്രകൃതി ഇങ്ങനെ ചില മനുഷ്യരെ നമുക്കിടയിൽ വിസ്മയമായി സൃഷ്ടിച്ചയക്കുന്നു.
ചെന്നൈയിൽ വച്ചായിരുന്നു ഗാന്ധർവം സിനിമയുടെ ചിത്രീകരണം. തുടർന്ന് ലാലേട്ടനോടൊപ്പം അഭിനയിച്ച ചിത്രമാണ് ശ്രീ. വേണു നാഗവള്ളി സംവിധാനം ചെയ്ത ‘കളിപ്പാട്ടം’. ഊട്ടിയിലായിരുന്നു ആ സിനിമയുടെ ചിത്രീകരണം.
ഊട്ടിയിൽ ‘കളിപ്പാട്ടം’ ചിത്രീകരണം നടക്കുമ്പോൾ ഒരു ദിവസം നിർമ്മാതാവ് ശ്രീ. ഗാന്ധിമതി ബാലനും സംവിധായകൻ ശ്രീ. ഭദ്രനും അവിടെ വന്നു. ലാലേട്ടനെ നായകനാക്കി അടുത്തുതന്നെ അവർ തുടങ്ങുന്ന ‘സ്ഫടികം’ എന്ന ചിത്രത്തിൽ എനിക്കൊരു ലോറി ക്ലീനറിന്റെ വേഷം ഉണ്ടെന്നും അതിനായി ലോറി ഓടിക്കാൻ പരിശീലിക്കണമെന്നും പറഞ്ഞു. വീണ്ടും ലാലേട്ടനോടൊപ്പം ഒരു നല്ല വേഷം ചെയ്യാനാകുമല്ലോ, എന്ന സന്തോഷത്തിലായ ഞാൻ കളിപ്പാട്ടത്തിന്റെ സെറ്റിൽ നിന്നും മടങ്ങി വന്ന ശേഷം ‘സ്ഫടിക’ത്തിലേക്കു വേണ്ടി ലോറി ഓടിക്കാൻ പരിശീലനം തുടങ്ങി.
എന്റെ ചില സ്നേഹിതന്മാരുടെ സഹായത്തോടെ തിരക്കൊഴിയുന്ന പാതിരാത്രികളിൽ കഴക്കൂട്ടത്തെ റോഡുകളിൽ ലോറി ഓടിക്കാൻ പരിശീലിച്ചെങ്കിലും ഏതോ അജ്ഞാത കാരണത്താൽ ആ വേഷം എനിക്ക് ലഭിച്ചില്ല. അന്നത്തെ ആ ലോറി പരിശീലനം ഇന്നോർക്കുമ്പോൾ രസകരമായി തോന്നാറുണ്ട്. അതോടൊപ്പം മലയാള സിനിമ കണ്ട എക്കാലത്തേയും ചരിത്ര വിജയങ്ങളിൽ ഒന്നായ ‘സ്ഫടികം’ എന്ന ലാലേട്ടൻ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം നഷ്ടമായതിലുള്ള നിരാശയും...
പിന്നീട് ചില ചിത്രങ്ങളിൽ നായക വേഷങ്ങളിലേക്കും നായകതുല്യവേഷങ്ങളിലേക്കും സഹനടന്റെ വേഷങ്ങളിലേക്കുമൊക്കെ ഞാൻ പരിഗണിക്കപ്പെട്ടപ്പോൾ, താരതമ്യേനെ ചെറിയ വേഷങ്ങളിലേക്ക് എന്നെ പലരും വിളിക്കാതായി. അങ്ങനെ ലാലേട്ടനൊടൊപ്പമൊക്കെ ചെയ്യാൻ സാധിക്കുമായിരുന്ന പല നല്ല വേഷങ്ങളും എനിക്ക് നഷ്ടമായി എന്നാണ് ഞാൻ കരുതുന്നത്. അതൊരു സാമാന്യം നീണ്ട ഇടവേളയായിരുന്നു.
ജീവിതത്തിലെ നിമിത്തങ്ങളും നല്ല സൗഹൃദങ്ങളും എങ്ങോട്ടൊക്കെയോ തന്നെ കൈപിടിച്ച് നടത്തിക്കുകയായിരുന്നെന്ന് ലാലേട്ടൻ പല അഭിമുഖങ്ങളിലും പറയുമ്പോൾ ഞാൻ മനസിലാക്കുന്നത് ഒരു നടനായി മാത്രം പിറക്കാൻ വിധിക്കപ്പെട്ട അപൂർവതയാണ് അദ്ദേഹം എന്നാണ്.
കുറേ വ്യത്യസ്ത വേഷങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഞാൻ വീണ്ടും ലാലേട്ടന്റെ ചിത്രത്തിലേക്ക് വരുന്നത് ‘മിസ്റ്റർ ബ്രഹ്മചാരി’ എന്ന ചിത്രത്തിലാണ്.
ശ്രീ. തുളസിദാസ് സംവിധാനം ചെയ്ത ആ ചിത്രം തെങ്കാശിയിൽ വച്ചായിരുന്നു കൂടുതലും ചിത്രീകരിച്ചത്. ഒരു നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കാണുന്നു എന്ന അകലമില്ലാതെയാണ് അദ്ദേഹം ആ ചിത്രത്തിന്റെ സെറ്റിൽ എന്നോട് പെരുമാറിയത്.
ഒരിക്കലും ഒട്ടും താര വലിപ്പം കാണിക്കാത്ത വ്യക്തിയും നടനുമാണ് മോഹൻലാൽ. സെറ്റിലുള്ള നടീനടന്മാർ ഉൾപ്പെടെ സർവ്വരേയും സമഭാവനയോടെ കാണുന്ന ലാളിത്യം, ക്ഷമ, സമദൃഷ്ടി, ചെറിയ സൗഹൃദങ്ങളെപ്പോലും തന്റെ ഉള്ളിൽ വാടാതെ സൂക്ഷിക്കുന്ന മനുഷ്യത്വം. അസാധാരണമായ പോസിറ്റീവ് എനർജിയാണ് മോഹൻലാലിന്റെ മറ്റൊരു സവിശേഷത. വൃശ്ചികക്കുളിർ മഞ്ഞിന്റെ പ്രശാന്തതയോടെ എന്തിനേയും കാണുന്നു. വിലയിരുത്തുന്നു. അനാവശ്യമായി ഒരു കാര്യത്തിനും സെറ്റിൽ പരാതിപ്പെടാറില്ല. യാഥാർത്ഥ്യബോധത്തോടെ പ്രപഞ്ചത്തെ കാണുന്നതിനാൽ തന്നെ ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാറുമില്ല.
അഭിനയകലയോടുള്ള ലാലേട്ടന്റെ സമർപ്പണത്തിന്റെ എത്ര എത്ര അപൂർവ നിമിഷങ്ങൾ വേണമെങ്കിലും നിരത്താം. മരുഭൂമിയിലെ കൊടും ചൂടിലും അസ്ഥികൾ മരവിച്ചു പോകുന്ന മഞ്ഞിലും കൊടും തണുപ്പിലും ചതുപ്പിലും ചെളിയിലും അട്ടകൾ നിറഞ്ഞ കൊടുംവനത്തിലുമെല്ലാം പാതിരാത്രിയെന്നോ പകലെന്നോ ഇല്ലാതെ വെള്ളത്തിലും കരയിലും ഒരുപോലെ ഫൈറ്റാകട്ടെ, ഡാൻസാകട്ടെ, പാട്ടാകട്ടെ ഏതു സീനും ആകട്ടെ ഏതു നേരവും ഈ പ്രതിഭ അഭിനയത്തിനായി സ്വയം സമർപ്പിക്കുന്നു. ഒരു പരാതിയും ഇല്ലാതെ... ഒരു പരിഭവവും ഇല്ലാതെ.
ലാലേട്ടനിൽ ഞാനേറെ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു സംഗതി, അദ്ദേഹത്തിന്റെ ഭക്ഷണരീതിയാണ്. ലാലേട്ടൻ ഭക്ഷണത്തെ അതിന്റെ എല്ലാ വിശുദ്ധിയോടെയും ആസ്വദിച്ച് കഴിക്കുക മാത്രമല്ല, അതിനെ പ്രകൃതി ബോധമാർന്ന ബഹുമാനത്തോടെ കാണുകയും ചെയ്യുന്നു. അതൊക്കെ ആർക്കും അനുകരിക്കാവുന്ന മാതൃകയാണെങ്കിലും പലപ്പോഴും ആ ലാളിത്യവ്യം ജൈവ സംസ്കൃതിയെ അറിഞ്ഞുള്ള വിനയവുമെല്ലാം നമ്മൾ ഭക്ഷണത്തിനു മുന്നിൽ മറന്നു പോകാറാണ് പതിവ്. ഓരോ മണി അരിയിലും നാട്ടുപച്ചയുടെ സ്നേഹം എഴുതി ചേർത്താണ് അദ്ദേഹം ഭക്ഷണവും കഴിക്കുന്നത്.
ഗാനാലാപന രംഗങ്ങളിലെ മിഴിവും, നൃത്ത രംഗങ്ങളിൽ അദ്ദേഹം പുലർത്തുന്ന ഫ്ലെക്സിബിലിറ്റിയും ഏറെ അതിശയകരമാണ്. നൈസർഗ്ഗികമായ പ്രതികരണമാണ് ആ ഓരോ ചലനങ്ങളിലും ഭാവഹാവാദികളിലും അംഗവിക്ഷേപങ്ങളിലുമൊക്കെ നിറയുന്നത്. മഴയുടെ പ്രണയാതുരമായ കുളിർമയും ഭക്തന്റെ പ്രേമവും അനാസക്ത​​ന്റെ നിർമമതയും കരുണയുടെ നീരൊഴുക്കുമെല്ലാം അതിവേഗം മിന്നി മറയുന്നതായി, അനായാസവും അയത്നലളിതവുമായ ആ അഭിനയം കാണുമ്പോൾ ആസ്വാദകർക്ക് അനുഭവപ്പെടും.
സർഗ്ഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടം. ഒരു നടൻ ആകുവാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടന്റേത് .അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏത് നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം.
‘അമ്മ’ എന്ന അഭിനേതാക്കളുടെ സംഘടനയുടെ സ്ഥാപകാഗംങ്ങളിൽ ഒരാളായി ഞാനും ലാലേട്ടനോടൊപ്പം ദീർഘനാളായി പ്രവർത്തിച്ചു പോരുന്നു. എത്ര തിരക്കുള്ള ഷൂട്ടിങ്ങിനിടയിലും ലാലേട്ടൻ കൃത്യമായി അമ്മയുടെ എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കാറുണ്ട്. അതിന് ഒരു മുടക്കവും ഇന്നേവരെ വരുത്തിയിട്ടില്ല. അതുപോലെതന്നെ അവിടെവെച്ച് കാണുന്ന ഓരോ അഭിനേതാക്കളോടും അവരുടെ വിശേഷങ്ങൾ തിരക്കും. ഇത്തരം മീറ്റിങ്ങുകളിൽ എല്ലാവരെയും ഒന്നിച്ചുകാണാമല്ലോ എന്നുള്ള വ്യക്തിപരമായ സന്തോഷവും അദ്ദേഹം ഉള്ളിൽ സൂക്ഷിക്കാറുണ്ട്.
അമ്മയുടെ ജനറൽബോഡി മീറ്റിങ്ങുകൾ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത കുറേ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി സർക്കാർ നിയമിച്ചപ്പോൾ ലാലേട്ടൻ്റെ സാന്നിധ്യത്തിൽ മമ്മൂക്ക എന്നെ പൊന്നാട അണിയിച്ച് അനുമോദിച്ചനിമിഷം.
അമ്മയുടെ മറ്റൊരു യോഗത്തിൽ സമീപകാലത്തു നമ്മെ വിട്ടുപിരിഞ്ഞ ഇന്നസെന്റ് ചേട്ടനും മാമുക്കോയയമുൾപ്പടെയുള്ള മലയാള സിനിമയിലെ അനശ്വര പ്രതിഭകളെ അനുസ്മരിച്ചുകൊണ്ട് ഒരു പ്രഭാഷണം നടത്താൻ ഞാൻ നിയോഗിക്കപ്പെട്ടു. സദസ്സിലും വേദിയിലും അമ്മയിലെ അംഗങ്ങളായ ഒട്ടുമിക്ക താരങ്ങളും സന്നിഹിതരായിരുന്നു. ഹൃദയംകൊണ്ട് ഏറെ അടുക്കുകയും അതിലും വലിയ സ്നേഹബന്ധം അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ആ അതുല്യ പ്രതിഭകളുമായി പുലർത്തുകയും ചെയ്തിരുന്ന ഞാൻ ആ വൈകാരികത മുഴുവൻ ഉൾക്കൊണ്ടുകൊണ്ട് നടത്തിയ അനുസ്മരണത്തിലെ ചില പരാമർശങ്ങൾ പിന്നീട് ആ വേദിയിൽ പ്രസംഗിക്കുവാൻ എത്തിയ മമ്മൂക്കയും ലാലേട്ടനും ഓർത്തു പറയുകയും എന്റെ ആ അനുസ്മരണ പ്രഭാഷണത്തെ ഹൃദയസ്പർശിയായ വാക്കുകൾ എന്ന് അഭിനന്ദിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി മനസിലുണ്ട്.
മലയാളിയുടെ ഏറ്റവും വലിയ അഭിമാനങ്ങളായ ലാലേട്ടനും മമ്മൂക്കയും ചേർന്നാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച എന്റെ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരമായ ‘ദൈവത്തിന്റെ അവകാശികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. രണ്ടുവർഷം മുൻപ് പുറത്തിറങ്ങിയ ആ പുസ്തകം അവരുടെ അനുഗ്രഹം പോലെ ഇപ്പോൾ ആറാം പതിപ്പിലേക്ക് കടക്കുകയാണ്. എൻ്റെ കലാജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു ഏടാണ് ആ പുസ്തക പ്രകാശന സന്ദർഭം.
ഒന്നിലും തളം കെട്ടിക്കിടക്കുന്നില്ല ഈ നടന വൈഭവം. എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുവാൻ ഒഴുകിപ്പരന്നു കൊണ്ടേയിരിക്കുന്നു.
നാലര പതിറ്റാണ്ടിനിടയിൽ ആ ഒഴുകി നിറയൽ നമ്മൾ എത്രയോ കണ്ടു കഴിഞ്ഞു. ഡോക്ടറായും സംരംഭകനായും പ്രവാസിയായും കഥകളി നടനായും നർത്തകനായും വധശിക്ഷ കാത്തു കിടക്കുന്ന തടവുകാരനായും പട്ടാളക്കാരനായും രാഷ്ട്രീയ നേതാവായും ഓട്ടോറിക്ഷാ ഡ്രൈവറായും ഫോട്ടോഗ്രാഫറായും മാടമ്പിയായും ചരിത്രപുരുഷന്മാരായുമെല്ലാം ഉള്ള എത്ര എത്ര വേഷപ്പകർച്ചകൾ. നിസ്സാരഭാഷണങ്ങളിൽ പോലും കൊടുങ്കാറ്റ് വിതയ്ക്കുവാൻ കഴിയുന്ന അസാമാന്യ പ്രതിഭയുടെ തിളക്കം.
ഉള്ളിൽ ഒരു കുട്ടിയെ, കുസൃതികൾ നിറഞ്ഞ കൗമാരക്കാരനെ, പ്രണയം കൊണ്ട് മോഹിപ്പിക്കുന്ന കാമുകനെ, സാഹചര്യം കൊണ്ട് ഗുണ്ടയായി മാറിയവനെ, നിഗൂഢതകൾ പേറുന്ന അധോലോക നായകനെ, പെങ്ങളെ ഹൃദയത്തോളം സ്നേഹിക്കുന്ന ചേട്ടച്ഛനെ, ഓർമകളുടെ ചരടുകൾ അയഞ്ഞ് വാർദ്ധക്യത്തിലേക്ക് പിച്ചവയ്ക്കുന്ന മനുഷ്യരെ, അങ്ങനെ ഒരുപാടൊരുപാടുപേരെ എപ്പോൾ വേണമെങ്കിലും പുറത്തെടുത്തു ക്യാമറയ്ക്കുമുന്നിൽ പ്രയോഗിക്കാൻ പാകത്തിൽ മോഹൻലാൽ എന്ന നടൻ എപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നു.
സ്റ്റാർട്ട് ആക്ഷൻ പറയുമ്പോൾ അനസ്യുതം അത് പ്രവഹിക്കുകയാണ് - കഥാപാത്രത്തിന്റെ ഭാവതീവ്രതയോടെ, അഭിനയകലയുടെ അപാര റേഞ്ച് അടയാളപ്പെടുത്തുന്ന അത്ഭുത വിദ്യ പോലെ. അതെ അഭിനയത്തികവിന് മലയാളിയുടെ അളവുകോലാണ് മോഹൻലാൽ. മലയാള സിനിമയിൽ പ്രതിഭയുള്ള ഒരു പാട് സംവിധായകരും എഴുത്തുകാരും സാങ്കേതിക വിദഗ്ധരും ഒക്കെ ഉണ്ടായ കാലത്ത് പിറവിയെടുത്ത മറ്റൊരു പ്രതിഭാസം. വിസ്മയങ്ങളുടെ കലവറ.
അരങ്ങിലും ലാലേട്ടൻ തന്റെ മായാത്ത മുദ്ര പതിപ്പിച്ചു. ഭീമനായും കർണ്ണനായും ജീവിച്ചു. മജീഷ്യനായും അവതാരകനായും ആറാടി.
ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ...എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ...ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ...സംസ്ഥാന പുരസ്കാരം നിരവധി...പദ്മശ്രി, പദ്മഭൂഷൺ...ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്...ആരും കൊതിച്ചുപോകും ഈ അപൂർവ്വ നേട്ടങ്ങൾ...
കണ്ണിൽ എപ്പോഴും കുസൃതി മാറാത്ത ചിരിയും തോളുചരിച്ചുള്ള നടത്തവുമായി നമുക്കിടയിൽ ജീവിച്ച് വിസ്മയങ്ങൾ തീർക്കുന്ന ലാലേട്ടന് പൂർവമാതൃകകൾ ഇല്ല. മലയാളിയുടെ ഹൃദയാകാശത്തിലേക്ക് ഉദിച്ചുയർന്ന നക്ഷത്ര ശോഭയാണത്...കടന്നു വന്ന വഴികൾ ഒരിക്കലും ലാലേട്ടൻ മറക്കുന്നില്ല. അലിവോടെ, ആർദ്രമായി വേദനിക്കുന്നവരുടെ ഞരമ്പുകളിൽ ഹൃദയംകൊണ്ട് തൊടുന്നു. ഇക്കാലമെല്ലാം ഒപ്പം സഞ്ചരിച്ചവരെ ഓർക്കുന്നു.
ഓർമയുടെ ഒരു കോണിൽ എപ്പോഴും പ്രിയപ്പെട്ടവരെ സൂക്ഷിക്കുന്നു. ഇക്കാലമത്രയും കഥാപാത്രങ്ങളുടെ തുടർച്ചകളിലൂടെ തുടർന്ന ജീവിതം ഇനിയും അഭംഗുരം തുടരട്ടെ. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുയരുന്ന ഈ നടന വൈഭവത്തിനോടൊപ്പം ഒരു കാലം ചിലവിടാനായത്...
ആ സൗഹൃദം അതിപ്പോഴും തുടരുന്നത് ജീവിതയാത്രയിലെ ധന്യതയായി ഞാൻ കാണുന്നു - പ്രേംകുമാർ...’’ എന്നാണ് പ്രേംകുമാര്‍ സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. കുറിപ്പിന് താഴെ മോഹന്‍ലാലിനെ അഭിനന്ദിച്ചും മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ ഇത്രയും വിശദമായി വിശകലനം ചെയ്തു
കൊണ്ട് എഴുതിയ ഈ ലേഖനം ഏറെ ഇഷ്ടമായെന്നും പലരും കുറിക്കുന്നുണ്ട്.

Ads by Google
Tuesday 30 Sep 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW