-->
പരിസ്ഥിതി സംരക്ഷണത്തില്‍ ഉറുമ്പുകളടക്കമുള്ള കീടങ്ങളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ കീടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണെന്നും ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. സയന്‍സ് എന്ന ഗവേഷണ ജേണലില്‍ ജപ്പാനിലെ ഒകിനാവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്.
പസിഫിക് രാജ്യമായ ഫിജിയിലെ ഉറുമ്പുകളുടെ വൈദഗ്ധ്യത്തെപ്പറ്റി പഠനം നടത്തിയാണ് ഗവേഷകര്‍ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സംരക്ഷിച്ചു വച്ചിരുന്ന ചില സാംപിളുകളുടെ ജനിതക വ്യവസ്ഥ കണക്കാക്കിയായിരുന്നു പഠനം. ഫിജിയിലെ ഉറുമ്പുകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസം ഇതുപയോഗിച്ച് ഗവേഷകര്‍ കണക്കാക്കി. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു അവസ്ഥയ്ക്കു വഴിവച്ചതെന്നാണു ഗവേഷകര്‍ പറയുന്നത്.
3000 വര്‍ഷം മുന്‍പാണ് മനുഷ്യര്‍ ഫിജിയില്‍ താമസമുറപ്പിച്ചത്. അന്നുമുതല്‍ അവിടത്തെ തദ്ദേശീയരായ ഉറുമ്പുകളുടെ എണ്ണം കുറയുകയാണ്. 300 വര്‍ഷം മുന്‍പാണു യൂറോപ്യര്‍ ഫിജിയിലെത്തിയത്. അതിനുശേഷം കീടങ്ങളുടെ നാശം ത്വരിതഗതിയിലായെന്നും ഗവേഷകര്‍ പറയുന്നു.