-->
ദേശീയ പുരസ്‌കാരനേട്ടത്തില്‍ തന്റെ റെക്കോര്‍ഡ് തകര്‍ത്ത ബാലതാരം ട്രീഷ തൊസാറിന് അഭിനന്ദനം അറിയിച്ച് നടന്‍ കമല്‍ ഹാസന്‍. കുഞ്ഞുതാരത്തിന് ആശംസകള്‍ നേരാന്‍ താരം വീഡിയോകോളിലൂടെ ബന്ധപ്പെടുകയായിരുന്നു. നാം ഇരുവരും ചെറുപ്പത്തില്‍ തന്നെ സിനിമാ ജീവിതം ആരംഭിച്ച സിനിമയുടെ കുട്ടികള്‍ ആണെന്ന് കമല്‍ ഹാസന്‍ ട്രീഷയോട് പറഞ്ഞു. തനിക്ക് പുരസ്‌കാരം ലഭിച്ചത് ആറാം വയസിലാണെന്നും നാലാം വയസ്സില്‍ ദേശീയ പുരസ്‌കാരം നേടി നീ എന്റെ റെക്കോര്‍ഡ് തകര്‍ത്തുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കമല്‍ ഹാസന്റെ അനുഗ്രഹം വേണം എന്നുപറഞ്ഞ കുട്ടിയോട് എന്റെ ആശംസകള്‍ നല്‍കുന്നതിനു പകരം ഈ ഘട്ടത്തില്‍ അനുഗ്രഹങ്ങളെക്കാള്‍ കൂടുതല്‍ ആവശ്യമുളളത് കൃത്യമായ പരിശീലനമാണെന്നും അദ്ദേഹം മറുപടി നല്‍കി. കലാരംഗത്ത് കുഞ്ഞിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും താരം ട്രീഷയുടെ അമ്മയ്ക്ക് ഉറപ്പുനല്‍കി. സുധാകര്‍ റെഡ്ഡി യാക്കാന്തിയുടെ മറാഠി ചിത്രമായ നാള്‍-2 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ട്രീഷ തൊസാറിന് മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഒരു ബാലപ്രതിഭയില്‍ നിന്ന് മറ്റൊരു ബാലപ്രതിഭയിലേക്ക്. ട്രീഷ തൊസാറിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ കമല്‍ഹാസന്‍ സാര്‍ നേരിട്ട് അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ഇതൊരു അവിസ്മരണീയ നിമിഷമാണ്. കമല്‍ ഹാസന്‍ സാറിന് ആദ്യ മദശീയ പുരസ്‌കാരം ലഭിച്ചത് ആറാം വയസ്സിലാണ്, എന്നാല്‍ ട്രീഷ തൊസാറിന് നാലാം വയസ്സില്‍ അത് നേടാന്‍ കഴിഞ്ഞു. ട്രീഷ നിങ്ങള്‍ ഇതിനകം രാജ്യത്തിന് തന്നെ അഭിമാനമായി കഴിഞ്ഞു- കമല്‍ഹാസന്റെ ടീം വീഡിയോ പങ്കുവെച്ച് കുറിച്ചു.
നേരത്തെ കമല്‍ ഹാസന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെയും ട്രീഷയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. തമാശ കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി പ്രിയ ട്രീഷ എന്റെ ഉച്ചത്തിലുളള കരഘോഷം നിനക്കിരിക്കട്ടെ, എന്റെ റെക്കോര്‍ഡ് നീ തകര്‍ത്തു, കാരണം എനിക്ക് ആദ്യമായി അവാര്‍ഡ് ലഭിക്കുമ്പോള്‍ എനിക്ക് ആറ് വയസ്സായിരുന്നു. മുന്നോട്ട് പോവുക മാഡം, നിന്റെ അവിശ്വസനീയമായ കഴിവ് ഇനിയും പ്രകടിപ്പിക്കുക, നിന്റെ മാതാപിതാക്കള്‍ക്ക് എന്റെ അഭിനന്ദനം- കമല്‍ ഹാസന്‍ കുറിച്ചു.
Dear Ms. Treesha Thoshar, my loudest applause goes to you. You’ve beaten my record, as I was already six when I got my first award! Way to go madam. Keep working on your incredible talent. My appreciation to your elders in the house.— Kamal Haasan (@ikamalhaasan) September 25, 2025