-->
തിരുവനന്തപുരം: അയ്യപ്പസംഗമത്തില്‍ സര്‍ക്കാര്‍ എത്തുന്നത് കപടഭക്തിയുമായിട്ടാണെന്നും ഗവണ്‍മെന്റിന്റെ മുഖം തുറന്നുകാട്ടേണ്ടത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും തങ്ങള്‍ എടുത്ത തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും ഉയരുകയാണ്. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് എതിരേയാണ് കേസെടുത്തത്. അത് ഇപ്പോഴും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ? കഴിഞ്ഞ പത്തുവര്‍ഷമായി ചെറുവിരല്‍ അനക്കാത്തവര്‍ ഇപ്പോള്‍ ശബരിമല സംരക്ഷണവുമായി ഇറങ്ങിയിരിക്കുന്നത് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും സതീശന്‍ പറഞ്ഞു.
ആചാരലംഘനം നടത്താന്‍ ശ്രമിച്ചത് സര്‍ക്കാരാണ്. ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ നോക്കി. ഞങ്ങള്‍ അന്ന് ആചാരത്തെ സംരക്ഷണത്തിന്റെ ഭാഗത്തായിരുന്നു. കോണ്‍ഗ്രസിന് എല്ലാവരോടും മതേതര നിലപാടാണുള്ളത്. അതില്‍ വെള്ളം ചേര്‍ക്കാനില്ല. എല്ലാ സമുദായങ്ങളോടും ഒരേ നിലപാടാണെന്ന് വി.ഡി. സതീശന്‍. എന്‍എസ്എസുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും എല്ലാ സമുദായങ്ങള്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.