-->
ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ മധുവിന്റെ 92 ാം ജന്മദിനമാണിന്ന്. പ്രിയനടന് ആശംസകളുമായെത്തുകയാണ് സിനിമാ ലോകവും ആരാധകരും. കുറച്ചേറെ നാളുകളായി അഭിനയത്തില്‍ നിന്നും മാറി വിശ്രമജീവിതം നയിക്കുകയാണ് താരം. ഇപ്പോഴിതാ നടന്‍ മധുവിന് ആശംസകളറിയിച്ച് മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘പ്രിയപ്പെട്ട മധു സാറിന് ജന്മദിനാശംസകള്‍. മലയാളസിനിമയുടെ പൂമുഖത്ത് നിലവിളക്ക് പോലെ തെളിഞ്ഞുനില്കുന്ന അങ്ങയുടെ ചിരിയാണ് ഞങ്ങളുടെയൊക്ക പ്രകാശവും വഴിവിളക്കും. കറുപ്പിലും വെളുപ്പിലും തുടങ്ങി കളറിലേക്കും അതിനപ്പുറമുള്ള സാങ്കേതികത്തികവുകളിലേക്കും പരിണമിച്ച നമ്മുടെ സിനിമാചരിത്രത്തിന്റെ സാക്ഷി മാത്രമല്ല,സഹയാത്രികനുമാണ് അങ്ങ് എന്നത് നല്കുന്ന അഭിമാനം വലുതാണ്. ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ ആഘോഷിക്കാനാകട്ടെ മധു സര്‍.. കാലം എഴുതിയ മലയാളത്തിന്റെ ഏറ്റവും മധുരമുള്ള അഭ്രകാവ്യത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍...’ മഞ്ജു ഇനസ്റ്റഗ്രാമില്‍ കുറിച്ചു.
1962 ലായിരുന്നു മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നതത്.ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു എങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആണ്.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായത്.
കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്.
ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീ നിലയം, ഇതാ ഒരു മനുഷ്യന്‍, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാന്‍, നരന്‍ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. സംവിധായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 15 ചിത്രങ്ങള്‍ നിര്‍മിച്ചു. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.