-->
കാമുകന്മാരോട് കാമുകിമാര്‍ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ചൈനയില്‍ ഒരു യുവതി തന്റെ 20 കാമുകന്മാരോടും തനിക്ക് പുതിയ ഐഫോണ്‍ 7 വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഐഫോണ്‍ ഉപയോഗിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല മറിച്ച് യുവതി തനിക്കൊരു പുതിയ വീട് കണ്ടെത്താനായി പണം സ്വരൂപിക്കാന്‍ കണ്ടെത്തിയ ഒരു ഐഡിയ ആയിരുന്നു.
ഇതിനായി കാമുകന്‍മാര്‍ വാങ്ങിക്കൊടുത്ത ഈ ഫോണുകള്‍ എല്ലാം അവള്‍ ഹുയി ഷൗ ബാവോ എന്ന മൊബൈല്‍ റീസൈക്ലിംഗ് കമ്പനിക്ക് വിറ്റു. അതില്‍ നിന്ന് അവള്‍ക്ക് കിട്ടിയത് 120,000 ചൈനീസ് യുവാന്‍ അതായത് ഏകദേശം 14 ലക്ഷം രൂപയാണ്. അത് അവള്‍ തന്റെ വീടിന്റെ ഡൗണ്‍ പേയ്‌മെന്റ് നല്‍കാനായി ഉപയോഗിക്കുകയായിരുന്നു. പ്രൗഡ് ക്വിയോബ എന്ന ബ്ലോഗറാണ് ഈ കഥ ഷെയര്‍ ചെയ്തത്.
ബ്ലോഗര്‍ പറയുന്നത് ഇത് തന്റെ സഹപ്രവര്‍ത്തകയുടെ അനുഭവമാണ് എന്നാണ്. സഹപ്രവര്‍ത്തക തന്റെ പുതിയ വീട് കാണാന്‍ സുഹൃത്തുക്കളെ ക്ഷണിച്ചു. എങ്ങനെയാണ് ഡൗണ്‍ പേയ്‌മെന്റിനുള്ള പണം കണ്ടെത്തിയത് എന്ന് ചോദിച്ചപ്പോഴാണത്രെ ഈ കഥ പുറത്തറിഞ്ഞത്. ഓഫീസിലെ എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സഹപ്രവര്‍ത്തകയുടെ ഈ ഐഡിയ തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് ക്വിയോബ പറയുന്നത്.
ആ സഹപ്രവര്‍ത്തക സമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നുള്ളവളല്ല. അവളുടെ അമ്മ ഒരു വീട്ടമ്മയും അച്ഛന്‍ ഒരു കുടിയേറ്റ തൊഴിലാളിയുമാണ്, അവളാണ് മൂത്ത മകള്‍. അവളുടെ മാതാപിതാക്കള്‍ക്ക് പ്രായമാകുകയാണ്, അവര്‍ക്ക് ഒരു വീട് വാങ്ങിക്കൊടുക്കാന്‍ അവള്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാം. എന്നാല്‍, ഇങ്ങനെയൊരു മാര്‍?ഗമാണ് അവള്‍ വീട് വാങ്ങാനായി കണ്ടെത്തിയത് എന്നത് അിശ്വസനീയമാണ് എന്നാണ് ബ്ലോഗര്‍ പറയുന്നത്.
എന്നാല്‍, ഹുയി ഷൗ ബാവോ എന്ന മൊബൈല്‍ റീസൈക്ലിംഗ് കമ്പനിയുടെ പരസ്യത്തിനായി ചമഞ്ഞെടുത്ത കഥയാണ് ഇത് എന്നും ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍, ബിബിസി ബന്ധപ്പട്ടപ്പോള്‍ കമ്പനി പറഞ്ഞത്, ഒരു ക്ലയന്റില്‍ നിന്ന് 20 ഐഫോണുകള്‍ വാങ്ങിയതായും ഓരോ ഫോണിനും 6000 ചൈനീസ് യുവാന്‍ (ഏകദേശം 74,000 രൂപ) വച്ച് നല്‍കി എന്നുമാണത്രെ.