-->
ഇന്ത്യക്കാരുടെ പൊതുമര്യാദകള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ന്യൂ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന, യുനെസ്‌കോ പൈതൃകപട്ടികയില്‍ ഇടംപിടിച്ച, ചരിത്രപ്രസിദ്ധമായ ഹുമയൂണ്‍ ശവകുടീരത്തിനുള്ളില്‍ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇന്ത്യക്കാരുടെ പൊതുമര്യാദകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്. ശവകുടീരം സന്ദര്‍ശിക്കാന്‍ വന്ന ചിലര്‍ കെട്ടിടത്തില്‍ പ്രണയ സന്ദേശങ്ങള്‍ എഴുതുന്ന ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനെ ചൊടിപ്പിച്ചത്.
യുവതീയുവാക്കളായ നാലുപേര്‍ അടങ്ങിയ സംഘമാണ് പൊതുമര്യാദകളെയും മറ്റുമെല്ലാം ലംഘിച്ചുകൊണ്ട് കെട്ടിടത്തിന്റെ ചുമരുകളില്‍ പ്രണയ സന്ദേശങ്ങള്‍ എഴുതിവെച്ചത്. എക്‌സില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരാളുടെ തോളിലിരുന്ന് മറ്റൊരു യുവാവ് കെട്ടിടത്തിന്റെ ചുമരില്‍ എഴുതുകയാണ്. അടുത്തുളള രണ്ട് യുവതികള്‍ ഇത് വീഡിയോ എടുക്കുകയും എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.
യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്ള ഒരു സ്ഥലത്താണ് നാടിന്റെ യുവത്വം തന്നെ ഇങ്ങനെ ചെയ്യുന്നത് എന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്. യുവത്വം പോലും ഇത്തരത്തില്‍ പൊതുബോധമില്ലാതെ പെരുമാറുന്നു എന്നതാണ് പലരെയും വിഷമത്തിലാക്കുന്നത്. മൗലികാവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുവന്നവര്‍ക്ക് നമ്മളില്‍ നിന്ന് സമൂഹം ആവശ്യപ്പെടുന്ന ചുമതലകളെക്കുറിച്ച് പോലും അറിയില്ല എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇത്തരത്തില്‍ ചരിത്ര സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ ഒരു ലക്ഷം രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഇവര്‍ക്ക് ഈ ശിക്ഷ തന്നെ വാങ്ങിനല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.