-->
തിരുവനന്തപുരം: ലോഡ്ജിലേക്ക് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ നല്‍കിയത്.
2022 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗായത്രി ധരിച്ച ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം പറവൂരിലേക്ക് പോയി. രാത്രി തന്നെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന വിവരം അറിയിക്കുകയും പിന്നീട് പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യയുമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലാകുകയും അവരെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഭാര്യ തിരിച്ചുവരികയും വീണ്ടും അവരുമായി അടുക്കുകയും ചെയ്തതോടെ ഗായത്രിയെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. 2021 ല്‍ വെട്ടുകാട് പള്ളിയില്‍വെച്ച് പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിച്ചു. ഇതിനിടെ ഭാര്യ തിരിച്ചുവന്നതോടെ ഗായത്രിയെ ഒഴിവാക്കാനായി ശ്രമം. ഗായത്രി ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാകുകയായിരുന്നു.
പിന്നാലെ ഗായത്രി വിവാഹചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസാക്കി. ഇതോടെ ഇരുവരും തമ്മിലുള്ള വഴക്ക് മുറുകി. ഇതിന് ശേഷമാണ് ഗായത്രിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച പ്രവീണ്‍ വിഷയം പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് ഗായത്രിയെ ഹോട്ടലില്‍ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.