-->
തിരുവനന്തപരും: പാര്‍ട്ടിക്കെതിരേ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല വാര്‍ഡ് കൗണ്‍സിലര്‍ തിരുമല അനില്‍ എന്ന് കൂടി വിളിക്കപ്പെടുന്ന കെ. അനില്‍കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല ജംഗ്ഷനിലെ തന്റെ ഓഫീസിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന വലിയശാല സഹകരണ ബാങ്കിലെ ബാദ്ധ്യതയില്‍ പാര്‍ട്ടി സംരക്ഷിച്ചില്ല എന്നാണ് ആത്മഹത്യാകുറിപ്പിലെ സൂചനയെന്നാണ് പുറത്തുവരുന്ന വിവരം. സാമ്പത്തീക ബാദ്ധ്യതയാണ് കാരണമെന്നാണ് പ്രാഥമികമായി കരുതുന്നത്. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അനില്‍ ഇവിടെ എത്തിയിട്ടുണ്ട് എന്നാണ് കരുതുന്നത്. സൊസൈറ്റി പ്രതിസന്ധിയിലായപ്പോള്‍ പാര്‍ട്ടിനേതൃത്വം സഹായിച്ചില്ലെന്നാണ് കത്തില്‍ പറയുന്നത്. ബാങ്കിന്റെ സാമ്പത്തീക ബാദ്ധ്യത അടക്കമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. സാമ്പത്തീക ബാദ്ധ്യത പാര്‍ട്ടി ഏറ്റെടുക്കാതെ സ്വന്തം പേരിലേക്ക് വന്നതോടെയാണോ ആത്മഹത്യ എന്നാണ് സംശയിക്കുന്നത്. വലിയശാല സഹകരണബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
മേയര്‍ അടക്കം കോര്‍പ്പറേഷനില്‍ പ്രമുഖര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രാദേശിക നേതൃത്വവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ കെട്ടിട സമുച്ചയത്തിലെ ഒരു മുറി വാടകയ്ക്ക് എടുത്താണ് ഇവിടെ അനില്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീകസമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)