-->
പുല്‍പ്പള്ളി: വ്യാജക്കേസില്‍ ആരോപണവിധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാജ കേസില്‍ ഇരയായ തങ്കച്ചന്‍ അഗസ്റ്റിന്‍ ആരോപിച്ച ആളുകളില്‍ ഒരാളായിരുന്നു ജോസ് നെല്ലേടം. കഴിഞ്ഞമാസം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്ത വ്യാജക്കേസില്‍ സംശയത്തില്‍ നില്‍ക്കുന്നയാളാണ് ജോസ് നെല്ലേടം.
ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഇരയാണ് ജോസെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വീടിനടുത്തെ കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. തുടക്കം മുതല്‍ നിരപരാധിയെന്ന് തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് കോടതിയില്‍ ഹാജരാക്കുകയും 17 ദിവസം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്. ഇതിന് പിന്നാലെയാണ് നേതാക്കള്‍ക്കെതിരേ ആരോപണം നടത്തിയത്.
തങ്കച്ചന്റെ വീടിന്റെ കാര്‍പോര്‍ച്ചിലാണ് വിദേശമദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഡിസിസി സെക്രട്ടറി വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. രണ്ടാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍, പെരിക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ, മുള്ളംകൊല്ലി മുന്‍ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍ ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്റെ പങ്ക് സംശയിക്കുന്നതായും തങ്കച്ചന്‍ പറഞ്ഞിരുന്നു.