-->
തെഹ്‌റാന്‍: ഹോര്‍മൂസ് ഉപരോധത്തെച്ചൊല്ലി ഇറാനെതിരെ കനത്ത സൈനിക ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂറിനുള്ളില്‍ ഉപരോധം പിന്‍വലിച്ച് ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് തന്റെ കര്‍ശന നിലപാട് വ്യക്തമാക്കിയത്. ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി.
എന്നാല്‍, അമേരിക്കയുടെ ഏത് നീക്കത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ ഊര്‍ജ്ജവിവരസാങ്കേതിക മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ സൈനിക കമാന്‍ഡ് 'ഖതം അല്‍-അന്‍ബി' വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യയിലെ ഇറാനിയന്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനോടും മറ്റ് രണ്ട് ഇറാനിയന്‍ പ്രതിനിധികളോടും രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ നടപടി. അതൊടൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ സൗദി അറേബ്യ ആവര്‍ത്തിച്ച് അപലപിക്കുകയും ചെയ്തു.