-->
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും.
അടുത്ത വർഷം ജനുവരി 1 മുതൽ 283 ഷോപ്പുകളിലും ഇത് ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു. എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. നടപടിയിൽ കുടുംബശ്രീയുടെ സഹായവും ഉണ്ടാകും. പ്രത്യേക കൗണ്ടറുകളിലായിരിക്കും കുപ്പികൾ സ്വീകരിക്കുക. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാണ് കുപ്പികൾ സ്വീകരിക്കുന്നത്. നിലവിൽ മദ്യം വാങ്ങുന്ന ഷോപ്പിൽ മാത്രമേ ആ കുപ്പി തിരികെ നൽകാൻ കഴിയുള്ളൂ. അതുപോലെ തന്നെ ബിവറേജിൽ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
അതേ സമയം ഒക്ടോബർ 1 മുതൽ 15, 20 രൂപയുടെ ബാഗുകൾ നൽകും. പേപ്പറിൽ പൊതിഞ്ഞ് നൽകുന്ന രീതി ഇനി മുതൽ ഉണ്ടായിരിക്കുന്നതല്ല. ജനങ്ങൾക്ക് സ്വന്തമായി കാരി ബാഗുകൾ കൊണ്ടുവരാമെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. സംസ്ഥാനത്ത് ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 11 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.