Thursday, March 19, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 02.24 PM

കുട്ടിയാത്രക്കാരെ 'കയ്യിലെടുത്ത് ' എയർലൈൻ; രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും 10 കിലോ അധിക ബാഗേജും

infants

ലണ്ടൻ: കുടുംബ സൗഹൃദ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ്2 എയർലൈൻ. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിമാനയാത്രയിൽ സൗജന്യ സീറ്റ് പ്രഖ്യാപിച്ച് അധികൃതർ. ഇതോടെ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയർലൈൻ എന്ന പേരാണ് കമ്പനിക്ക് സ്വന്തമായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് രണ്ട് വയസ്സിൽ താഴെയുള്ള കുട്ടി യാത്രക്കാർക്കായി ഇനി മുതൽ യാത്രയ്ക്ക് പണം നൽകേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളവും കാനറീസ്, മെഡിറ്ററേനിയൻ സർവീസുകളിലുമാണ് രണ്ട് വയസ്സിൽ താഴെയുള്ള കുരുന്നുകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.

നിലവിൽ ജെറ്റ്2 വിന്റെ അവധിക്കാല യാത്രാ പാക്കേജിൽ മാത്രമാണ് രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിമാന യാത്ര അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ അവധിക്കാല പാക്കേജിൽ മാത്രമല്ല മറ്റ് യാത്രകളിലും യാത്ര സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം യുകെയിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് യൂറോപ്പ് യാത്രകളിൽ ആശ്വാസമാകും.

യുകെയിലെ മറ്റ് എയർലൈനുകളിൽ വച്ച് ബ്രിട്ടീഷ് എയർവേയ്സ് മുതിർന്നവരുടെ ടിക്കറ്റിൽ നിന്ന് നിശ്ചിത ശതമാനം തുക രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഈടാക്കുന്നുണ്ട്. ഈസി ജറ്റ്, റയാൻ എയർ എന്നിവ 25 പൗണ്ട് ആണ് ഈടാക്കുന്നത്.

എന്തൊക്കെ ആനുകൂല്യങ്ങൾ?

∙ഒരേ ബുക്കിങ്ങിൽ രണ്ട് വയസ്സിൽ താഴെയുളള ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും കുറഞ്ഞത് ഒരു മുതിർന്നയാളെങ്കിലും ഒപ്പമുണ്ടായിരിക്കണം.
∙കുട്ടികൾക്ക് മുതിർന്നവരുടെ മടിയിൽ അല്ലെങ്കിൽ കാർ സീറ്റിനൊപ്പം ഒരു അധിക സീറ്റ് ബുക്ക് ചെയ്യാം.
∙രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 കിലോ അധിക ബാഗേജും അനുവദിച്ചിട്ടുണ്ട്.

∙കുട്ടികൾക്ക് പ്രത്യേകമായി ബാഗേജ് തയാറാക്കേണ്ടതില്ല. ഒപ്പമുള്ള മുതിർന്നവർക്ക് തങ്ങളുടെ 22 കിലോ ബാഗേജിനൊപ്പം കുട്ടികളുടെ പേരിലുള്ള 10 കിലോ അധികമായി സൗജന്യമായി തന്നെ കൊണ്ടുപോകാം.
∙മടക്കാവുന്ന പുഷ്‌ചെയർ, പ്രാം, ബഗ്ഗി, കാർ സീറ്റ് അല്ലെങ്കിൽ ബൂസ്റ്റർ സീറ്റ്, ബേബി കാരിയർ അല്ലെങ്കിൽ ട്രാവൽ കോട്ട് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം ഒരു കുട്ടിയുടെ ബാഗേജിനൊപ്പം സൗജന്യമായി കൊണ്ടുപോകാം, ഈ ഇനങ്ങൾക്ക് 10 കിലോഗ്രാം ഭാര പരിധി ഇനി ബാധകമല്ല.
∙കുട്ടികൾക്കും നവജാത ശിശുക്കൾക്കും വേണ്ടിയുള്ള ഉപകരണങ്ങൾ കൊണ്ടുപോകുന്ന ഫീസ് ഇനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികളുടെ പേരിലാണെങ്കിൽ ഇവയ്ക്ക് അധിക ലഗേജ് ഫീസ് ഈടാക്കില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW