Saturday, March 14, 2026 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 11.28 AM

30 ന്റെ നിറവില്‍ രംഗീല, ഗാനം റീക്രിയേറ്റ് ചെയ്ത് ഊര്‍മിള മണ്ഡോത്കര്‍; മാന്ത്രികത പുനഃസൃഷ്ടിച്ച താരത്തിന് 51-ാം വയസ്സിലും അതേ ക്യൂട്ട് ലുക്കെന്ന് ആരാധകര്‍

തൊണ്ണൂറുകളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമായി മാറിയ സിനിമയാണ് രംഗീല. ഈ സിനിമയിലെ രംഗീല രേ എന്ന ഗാനം 30 വര്‍ഷങ്ങള്‍ക്ക് ശേഷം റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് ഊര്‍മിള മണ്ഡോത്കര്‍.
Rangeela movie, Urmila Matondkar, Rangeela re song
Urmila Matondkar (Image Source: Instagram)

സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ഊര്‍മിള മണ്ഡോത്കര്‍ ഇന്നും രംഗീല ​ഗേളാണ്. ബാലതാരമായി തന്റെ മൂന്നാം വയസ്സില്‍ സിനിമയിലെത്തിയ താരം ആദ്യമായി നായികയാവുന്നത് കമല്‍ ഹസ്സന്‍ നായകനായ ‘ചാണക്യന്‍’ എന്ന മലയാളം സിനിമയിലാണ്. പിന്നീട് ‘നരസിംഹ’ എന്ന ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചു. എന്നാല്‍ രണ്ടു സിനിമയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ​‍രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘രംഗീല’ എന്ന സിനിമയിലൂടെ ഊര്‍മ്മിള തന്റെ സ്ഥാനം ബോളിവുഡില്‍ അരക്കിട്ടുറപ്പിച്ചു.
ബോക്‌സോഫീസിൽ ഹിറ്റടിച്ച ഈ റൊമാന്റിക് കോമഡി ചിത്രം ഊര്‍മിള എന്ന താരത്തിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി. ഇന്നും അതിലെ ഗാനങ്ങളും കഥയുമടക്കം എല്ലാം ആരാധക ഹൃദയം കീഴടക്കുന്നതാണ്. സെക്‌സ് സിംബലായും ഫാഷന്‍ ഐക്കണായും ഊര്‍മിളയെ മാറ്റിയത് ഈ സിനിമയാണ്.
ഇപ്പോഴിതാ രംഗീല റിലീസായിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ സ​ന്തോഷം സിനിമയിലെ ഐക്കണിക് ഗാനത്തിന് ചുവടു വച്ചാണ് ഊര്‍മിള പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ രംഗീല രേ എന്ന ഗാനത്തിന് അടിപൊളിയായി നൃത്തം ചെയ്യുകയാണ് താരം. വീഡിയോയിൽ, ഇളം നീലയും വെള്ളയും കലർന്ന ഷോര്‍ട്ട് ​ഫ്രോക്ക് ധരിച്ച് ഹീല്‍സ് അണിഞ്ഞ് ബാൽക്കണിയിൽ നൃത്തം ചെയ്യുന്നത് കാണാം.
‘‘രംഗീല...
അത് ഒരിക്കലും വെറുമൊരു സിനിമയായിരുന്നില്ല..അത് അന്നും ഇന്നും ഒരു വികാരമാണ്...തീവ്രമായ സന്തോഷം, പ്രതീക്ഷ, സ്വപ്നങ്ങൾ, അഭിലാഷം, സൗന്ദര്യം, ആവേശം, വാത്സല്യം, ആരാധന, സ്നേഹം, ആഗ്രഹം, പോരാട്ടം, വിജയം, ത്യാഗം, എല്ലാറ്റിനുമുപരി, ജീവിതത്തിന്റെ ഒരു മഹത്തായ ആഘോഷം എന്നിവയാൽ നെയ്തെടുത്തത്...
ഓരോ രംഗവും ഒരു കുട്ടിത്തം നിറഞ്ഞ പുഞ്ചിരി തിരികെ കൊണ്ടുവരുന്നു, അത് നിഷ്കളങ്കതയുടെയും അത്ഭുതത്തിന്റെയും ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. ഓരോ ഗാനവും വെറും സംഗീതമല്ല, മറിച്ച് നവരസങ്ങളുടെ ആഘോഷമാണ്... ഇന്ത്യൻ സാഹിത്യത്തിലെയും കവിതയിലെയും ഒമ്പത് വികാരങ്ങളാണത്- പ്രണയം, ഹാസ്യം, കരുണ, രൗദ്രം, ധൈര്യം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം...
ഒരു നിഷ്കളങ്കയായ പെൺകുട്ടി വെള്ളിത്തിരയിലേക്ക് കടന്നുവരുന്നു, അവളുടെ ആകർഷണീയതയും വിശുദ്ധിയും കൊണ്ട്, ഹൃദയങ്ങളെ കീഴടക്കുന്നു - സൗന്ദര്യത്തിന്റെയും കവിതയുടെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും കാലാതീതമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു.
മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്നേക്ക്, രംഗീല നിങ്ങളുടേതായി മാറി...
ഇന്നും അതിന് നിങ്ങളെ ആ ആദ്യ നിമിഷത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ശക്തിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് - നിങ്ങൾ ചിരിക്കുകയും, ആർപ്പുവിളിക്കുകയും, അതിന്റെ മാന്ത്രികതയിൽ പ്രണയത്തിലാവുകയും ചെയ്ത ആ നിമിഷത്തിലേക്ക്...
നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ എന്നെ അനുവദിച്ചതിന് നന്ദി, ഇത്രയധികം സ്നേഹത്തോടെ എന്നെ ആലിംഗനം ചെയ്തതിന്, കുറച്ചുപേർക്ക് മാത്രം സ്വപ്നം കാണാൻ പോലും ധൈര്യപ്പെടുന്ന ഒരു സ്ഥലത്ത് എന്നെ എത്തിച്ചതിന്...നിങ്ങളുടെ അഭിനന്ദനങ്ങൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞാല്‍ അതു കുറഞ്ഞു പോകും...
നിങ്ങളുടെ സ്നേഹമാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ..നന്ദി...ആശംസകൾ തന്ന പ്രണയത്തിനും, ജീവിതത്തിനും, ചിരിക്കും...
എന്റെ പ്രണയം രംഗീലയുടെ...’’ എന്നാണ് ക്യൂട്ട് ചുവടുകള്‍ പങ്കിട്ട് ഊര്‍മിള കുറിച്ചത്.
ബാലതാരമായും സഹനായികയായും അറിയപ്പെട്ടിരുന്ന ഊര്‍മിള എന്ന അഭിനേത്രിയുടെ കരിയര്‍ മാറ്റിയത് ‘രംഗീല’യാണ്. ഗ്ലാമര്‍റോളുകളടക്കം ചെയ്ത ഊര്‍മിള സത്യ, ജുദായ്, ഖൂബ്‌സൂരത്, ജംഗിള്‍, ഇന്ത്യന്‍, ഏക് ഹസീന ഥീ, പ്യാര്‍ തൂനെ ക്യാ കിയാ, തെഹ്‌സീബ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിനൊപ്പം തന്നെ മലയാളം, തെലുഗു, തമിഴ് സിനിമകളിലും താരം നിറഞ്ഞു. ‘തച്ചോളി വര്‍ഗീസ് ചേകവര്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായും താരം തിളങ്ങി.
നായികയായുമുള്ള അഭിനയജീവിതത്തിന് താരം വിരാമമിടുന്നത് 2018-ലാണ്. അതിനുശേഷം ടിവി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മറ്റും ഊര്‍മിള നിറഞ്ഞു. എട്ടുവര്‍ഷത്തെ ജീവിതത്തിനുശേഷം വിവാഹമോചനത്തിനുള്ള അപേക്ഷകൊടുത്തെന്ന് പുറത്തറിഞ്ഞതോടെ, ഊര്‍മിളയും ഭര്‍ത്താവ് മൊഹ്‌സിന്‍ അക്തറും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. കാശ്മീരി മോഡലും ബിസിനസുകാരനുമാണ് മൊഹ്‌സിന്‍.

30 വർഷങ്ങൾക്കുമുമ്പ് സെപ്റ്റംബർ 8-ന് റിലീസായ സിനിമയാണ് ‘രംഗീല’. രാം ഗോപാൽ വർമ സംവിധാനം ചെയ്ത സിനിമ അന്നത്തെ യുവാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഊർമിള മധോൺകർ, ജാക്കി ഷ്‌റോഫ്, ആമിർ ഖാൻ എന്നിവരാണ് പ്രധാനതാരങ്ങളായത്. ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ആർ.റഹ്മാനുമാണ്. പല താരങ്ങളുടെയും കരിയർ മാറ്റിമറിച്ച സിനിമ കൂടിയാണ് ‘രംഗീല’.
എ.ആർ.റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയുണ്ട് സിനിമയ്ക്ക്. രംഗീല രേ, പ്യാർ യേ ജാനേ കൈസെ, തന്ഹാ തന്ഹാ, യാരോ സുൻ ലോ സറാ, ഹായ് റാമാ...ഇങ്ങനെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി. 32 ലക്ഷം ഓഡിയോ കാസറ്റുകളാണ് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി.
ഊര്‍മിളയുടെ കരിയറും മാറ്റി മറിച്ചത് ഈ സിനിമയാണ്. ഒറ്റരാത്രി കൊണ്ട് താരമായി മാറി ഊർമിള. അതുവരെ ചെയ്ത സിനിമകളൊന്നും നൽകാത്ത താരപദവിയാണ് 'രംഗീല' താരത്തിന് നല്‍കിയത്. ഒറ്റരാത്രികൊണ്ടാണ് അവര്‍ സെക്‌സ് സിംബലായും ഫാഷന്‍ ഐക്കണായും സൂപ്പര്‍താരമായും മാറി. സിനിമയില്‍ ഊര്‍മിള ധരിച്ച ബാന്ദ്‌നി ലെഹങ്കയും ഓവര്‍സൈസ്ഡ് ഷര്‍ട്ടും ഹൈ വെയ്സ്റ്റ് ജീന്‍സും ബൈക്കര്‍ ഷോര്‍ട്ട്‌സും പ്ലെയ്ഡ് സ്‌കര്‍ട്ടും സ്‌കെറ്റര്‍ ഡ്രസ്സും ബൂട്ട്‌സുമെല്ലാം അന്നത്തെ യുവാക്കള്‍ ഏറ്റെടുത്തു. ഒറ്റനിറങ്ങളിലുള്ള ജോര്‍ജറ്റ് സാരികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമയിലെ കോസ്റ്റ്യൂമുകള്‍ ഡിസൈന്‍ ചെയ്തത് മനീഷ് മൽഹോത്രയാണ്. ആ കോസ്റ്റ്യൂമുകളാണ് മനീഷിനെ ബോളിവുഡ് കോസ്റ്റ്യൂം ഡിസൈന്‍ മേഖലയില്‍ ഒരവിഭാജ്യഘടകമായി മാറ്റിയത്. ഊർമിളയ്ക്കായി ടാങ്കറിൻ സ്‌കേറ്റർ ഡ്രസും, നീ ലെങ്ത്ത് എ-ലൈൻ സ്‌കർട്ട്, ജോർജറ്റ് സാരികൾ ഒക്കെ ട്രെന്‍ഡിംഗായി മാറി.
മുഖ്യധാരാസിനിമകളിൽ നായകൻമാർക്കൊപ്പം അല്ലെങ്കിൽ നായകൻമാരേക്കാൾ കൂടുതൽ നായികമാർക്ക് പ്രാധാന്യം കിട്ടിത്തുടങ്ങിയതും ഈ സിനിമ ഹിറ്റായ ശേഷമാണ്. പ്രശസ്ത നടിയാകാനുള്ള സ്വപ്നങ്ങളുള്ള ഊര്‍മിളയുടെ കഥാപാത്രമായ മിലിയെ ചുറ്റിപ്പറ്റിയാണ് രംഗീല കഥ മുന്നോട്ട് പോയത്. എന്നാൽ, പ്രശസ്ത നടനായ ജാക്കി ഷ്രോഫ് അവതരിപ്പിച്ച രാജ് കമലും മിലിയുടെ ബാല്യകാല സുഹൃത്തായ ആമിർ ഖാൻ അവതരിപ്പിച്ച മുന്നയും പ്രണയത്തിലാകുന്നതോടെ മിലിയുടെ ജീവിതം വഴിത്തിരിവിലേക്ക് നീങ്ങുന്നു. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ഇത്, ആ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായി മാറി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW