-->
തിരുവനന്തപുരം: സാമൂഹ്യമാധ്യമമായ എക്‌സിലിട്ട 'ബീഹാര്‍ബീഡി' പോസ്റ്റിന്റെ പേരില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയാ തലവന്‍ സ്ഥാനത്ത് നിന്നും വി.ടി. ബല്‍റാമിനെ മാറ്റിയിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ബല്‍റാമിനെതിരേ നടപടിയെടുക്കുകയോ സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന്് സണ്ണിജോസഫ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
കെപിസിസി യുടെ എക്‌സ് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട ബീഹാര്‍ ബീഡി പോസ്റ്റുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പറഞ്ഞു.
വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വി ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചു. ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും പോസ്റ്റ് നീക്കുകയുമാണ് ഉണ്ടായത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ എക്സ് പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരള വിഷയത്തിലെ പ്രതികരണം മാത്രമാണ് ഇവര്‍ തയ്യാറാക്കുന്നത്. ദേശീയ വിഷയങ്ങളിലുള്ള പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എ ഐ സി സി നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും സണ്ണിജോസഫ് പറഞ്ഞു.