-->
ന്യൂയോര്‍ക്ക്: റഷ്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും മേല്‍ കൂടുതല്‍ താരിഫ് ചുമത്താന്‍ നീക്കവുമായി അമേരിക്ക. ഇന്ത്യഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിരേ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് ഞായറാഴ്ച പറഞ്ഞു. റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥ തകരുമെന്നാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരുതുന്നത്.
അതേസമയം, യുഎസ് ഏര്‍പ്പെടുത്തിയ തീരുവകളെ അന്യായവും യുക്തിരഹിതവുമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ ന്യായീകരിച്ചുകൊണ്ട്, തങ്ങളുടെ ഊര്‍ജ്ജ സംഭരണം രാജ്യതാല്പര്യങ്ങള്‍ക്കും വിപണിയിലെ സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് ചെയ്യുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്ക കൊണ്ടുവരാനിരിക്കുന്ന കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് എതിരേ ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാര്‍ ഇന്ന് ഓണ്‍ലൈന്‍ യോഗം ചേരുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി ജയശങ്കറാണ് പങ്കെടുക്കുക.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധശ്രമങ്ങള്‍ക്ക് പണം നല്‍കുന്നതിന് തുല്യമാണെന്നാണ് ബ്‌ളെസന്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി വളരെ നല്ല ചര്‍ച്ച നടത്തിയെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച താനുമായി നടത്തിയ സംഭാഷണത്തില്‍ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ യുഎസിനും യൂറോപ്യന്‍ യൂണിയനും എന്ത് ചെയ്യാനാകുമെന്ന് അവര്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം 25 ശതമാനം അധിക തീരുവ ചുമത്തി. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം പരസ്പര തീരുവകള്‍ക്ക് പുറമെയാണിത്. ഇതോടെ ന്യൂഡല്‍ഹിക്ക് മേല്‍ ചുമത്തിയ ആകെ നികുതി 50 ശതമാനമായി. ഇത് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രസിഡന്റ്.