-->
മുംബൈ: നഗരത്തെ പിടിച്ചുകുലുക്കിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നില്‍ ജ്യോതിഷി. പട്‌ന സ്വദേശിയായ 51 കാരന്‍ അശ്വിനി കുമാറിനെ (51) യാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 5 വര്‍ഷമായി യുപിയിലെ നോയിഡയില്‍ താമസിക്കുകയായിരുന്ന അശ്വിനി കുമാര്‍ തന്റെ പഴയ സുഹൃത്തിന് 'എട്ടിന്റെ പണി' കൊടുക്കാനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്. 2023ല്‍ പട്നയില്‍ വച്ച് ഫിറോസ് തനിക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് അശ്വിനി കുമാര്‍ മൂന്ന് മാസം ജയിലില്‍ കിടന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് ഫിറോസിന്റെ പേരില്‍ മുംബൈ ട്രാഫിക്ക് പൊലീസിന്റെ വാട്‌സ്ആപ്പ് ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് അശ്വിനി ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
പ്രതിയിലേക്ക് എത്താന്‍ മുംബൈ പൊലീസ് ആദ്യം സഹായം അഭ്യര്‍ഥിച്ചത് യുപി നോയിഡ പൊലീസിനെയാണ്. സിസിടിവി ദൃശ്യങ്ങള്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് അശ്വിനി കുമാറാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയത്. നോയിഡയിലെ സെക്ടര്‍ 79ല്‍ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി.