Saturday, March 21, 2026 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 07.31 PM

'സുജിത്തിനെ മർദ്ദിച്ച നാല് ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല'; വി ഡി‌ സതീശൻ

uploads/news/2025/09/799426/vd-s-sujith-vs.jpg

തൃശൂര്‍: കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി‌ സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാല് ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ലയെന്ന് വി ഡി‌ സതീശൻ പറഞ്ഞു. പൊലീസ് മര്‍ദനമേറ്റ സുജിത് വി എസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതിപക്ഷനേതാവിന്റെ ​‍പ്രതികരണം.

തൃശൂര്‍ ഡിഐജി നടപടിയെടുത്തുകഴിഞ്ഞു എന്നാണ് പറഞ്ഞത്. അതാണ് നീക്കമെങ്കില്‍ ശക്തമായി പ്രതികരിക്കും. സമയബന്ധിതമായി എത്രയും പെട്ടന്ന് നടപടിയെടുക്കണം. അതുവരെ സമരങ്ങള്‍ നടത്തും. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നെഗറ്റീവായിട്ടുള്ള കാര്യമാണെങ്കില്‍ ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് വൃത്തികേട് ചെയ്താലും പൊലീസിനെ സംരക്ഷിക്കാന്‍ ആളുണ്ടെന്നതാണ്. അത് ഇതോടുകൂടി അവസാനിക്കണം. കാക്കി വേഷം ധരിച്ച് പൊലീസില്‍ ജോലി ചെയ്യാമെന്ന് ഇനി അവര്‍ കരുതണ്ട – അദ്ദേഹം പറഞ്ഞു.

അതേസമയം, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. സുജിത്ത് വിഎസിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്.

പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത്ത് വിഎസിന്റെ ആരോപണം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സുജിത്തിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ ജി ഡി ചാര്‍ജില്‍ സ്റ്റേഷനില്‍ ജോലി നോക്കേണ്ടിയിരുന്ന ശശിധരന്‍ പുറത്തുനിന്ന നടന്നു കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ ശശിധരന്‍ ഒഴിവാക്കിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ആണെന്നാണ് സുജിത്തിന്റെ ആരോപണം.

അതിനിടെ തൃശൂരിലെ ഡിഐജി ഓഫിസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് 'കൊലച്ചോറ് സമരം'നടത്തി. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ച് വ്യത്യസ്തരായാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫിസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW