-->
ആഗോള അയ്യപ്പസംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തേക്കില്ലെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിച്ചിരുന്നു. സംഘപരിവാറിന്റേയും ബി. ജെ.പി.യുടേയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷണം നിരസിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാനൊരു മന്ത്രിയാണെന്ന് സുരേഷ് ഗോപി മറുപടി നല്‍കിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.