-->
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ എഫ്ഐആര്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഭാരതീയ ന്യായ് സംഹിതയിലെ ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണി സന്ദേശങ്ങള്‍ അയച്ചു, സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കേസുകളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
രണ്ടു സ്ത്രീകളെ ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്ന വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചെന്ന വിവരവും ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. രാഹുലിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകയുടെയും മൊഴിയെടുക്കും.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും രാഹുല്‍ മാങ്കൂട്ടത്തിന്റെ പിടി അയയുകയാണ്. സ്ത്രീകള്‍ക്കെതിരേയുള്ള ഒരു നിലപാടും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍. മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ രാഹുലിന് അനുകൂലമായ നിലപാട് എടുക്കുന്നില്ല. നേതാവിനെതിരേ എടുത്ത പാര്‍ട്ടി നടപടിയെ ഇവര്‍ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.