-->
ഹിന്ദി സീരിയല്‍ ലോകത്തെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു വിവിധ ടെലിവിഷൻ പരമ്ബരകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയും മോഡലുമായ പ്രിയ മറാഠേയുടെ വേര്‍പാട്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി താരം അർബുദബാധിതയായിരുന്നു പ്രിയ.
അർബുദത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടെ ഞായറാഴ്ച പുലർച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.
‘പവിത്ര രിഷ്ത’ എന്ന ജനപ്രിയ ഹിന്ദി പരമ്ബരയില്‍ വർഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ പരമ്പരയില്‍ അങ്കിത ലോഖണ്ഡെ അവതരിപ്പിച്ച അർച്ചന എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് പ്രിയ വേഷമിട്ടത്.
ഇപ്പോഴിതാ സഹതാരവും സുഹൃത്തുമായ അങ്കിത ലോഖണ്ഡേ പ്രിയയ്ക്കായി കുറിച്ച നൊമ്പരക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘‘പവിത്ര റിഷ്തയില്‍ നിന്നുള്ള എന്റെ ആദ്യ സുഹൃത്തായിരുന്നു പ്രിയ. ഞാനും, പ്രാർത്ഥനയും, പ്രിയയും.. ഞങ്ങളുടെ ചെറിയ കൂട്ടും... ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ എപ്പോഴും അത് വളരെ സവിശേഷമായിരുന്നു. പ്രിയയും, പ്രാറ്റ്സും, ഞാനും പരസ്പരം മറാത്തിയിൽ സ്നേഹപൂർവ്വം ‘വെഡീ’ എന്നാണ് വിളിച്ചിരുന്നത്, ആ ബന്ധം ശരിക്കും സവിശേഷമായിരുന്നു..
എന്റെ നല്ല ദിവസങ്ങളിൽ അവൾ ഉണ്ടായിരുന്നു, എന്റെ ദുഃഖകരമായ ദിവസങ്ങളിൽ അവൾ എന്നെ താങ്ങി നിർത്തി... എനിക്ക് അവളെ ആവശ്യമുള്ളപ്പോൾ ഒരിക്കലും അവളെന്നെ കാണാതെ പോയില്ല. ഗണപതി ബാപ്പ സമയത്ത് ഗൗരി മഹാ ആരതിയിൽ പങ്കെടുക്കാൻ അവൾ ഒരിക്കലും മറന്നില്ല, ഈ വർഷം, നിന്നെ മിസ്സ് ചെയ്യുമ്പോൾ, നിന്റെ ആത്മാവിനായി ഞാൻ പ്രാർത്ഥിക്കും.
പ്രിയ ഏറ്റവും ശക്തയായിരുന്നു, അവൾ എല്ലാ യുദ്ധങ്ങളിലും വളരെ ധൈര്യത്തോടെ പോരാടി. ഇത് എഴുതുമ്പോള്‍ പോലും എന്റെ ഹൃദയം തകരുന്നു. അവളെ നഷ്ടപ്പെടുന്നത് ഒരു ഓർമ്മപ്പെടുത്തലാണ്, ഒരാൾ തന്റെ പുഞ്ചിരിക്ക് പിന്നിൽ നടത്തുന്ന പോരാട്ടങ്ങൾ നമുക്ക് ഒരിക്കലും അറിയില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍...അതിനാൽ, ദയ കാണിക്കുക... എപ്പോഴും...
പ്രിയ, എന്റെ പ്രിയപ്പെട്ട വെഡീ, നീ എപ്പോഴും എന്റെ ഹൃദയത്തിലും എന്റെ ഓർമ്മകളിലും ജീവിക്കും. ഓരോ ചിരിക്കും, ഓരോ കണ്ണീരിനും, ഓരോ നിമിഷത്തിനും നന്ദി...നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ... ഓം ശാന്തി...’’ എന്നാണ് അങ്കിത ലോഖണ്ഡേ കുറിച്ചത്. പഴയ ത്രോബാക്ക് ചിത്രങ്ങള്‍ക്കൊപ്പമാണ് അങ്കിതയുടെ കുറിപ്പ്. പവിത്ര റിഷ്തയുടെ സെറ്റില്‍, അങ്കിതയുടെ വിവാഹച്ചടങ്ങുകളില്‍, ഒരുമിച്ചുള്ള ഔട്ടിംഗില്‍ ഒക്കെ പ്രിയ നിറഞ്ഞു നില്‍ക്കുന്നതായി ഈ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകും.
2000-ല്‍ ‘യാ സുഖാനോ യാ’ എന്ന മറാത്തി പരമ്ബരയിലൂടെയാണ് പ്രിയ ടെലിവിഷൻ രംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ചാർ ദിവസ് സസുച്ചെ’ ഉള്‍പ്പെടെ നിരവധി മറാത്തി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ‘കസം സേ’ എന്നതാണ് ആദ്യത്തെ ഹിന്ദി സീരിയല്‍. വിദ്യാ ബാലി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയില്‍ അവതരിപ്പിച്ചത്.
പിന്നീടിങ്ങോട്ട് ബഡേ അച്ചേ ലഗ്തേ ഹേ, തു തിഥേ മേ, സാത്ത് നിഭാന സാഥിയാ, ഉത്തരാൻ, ഭാരത് കാ വീർ പുത്ര - മഹാറാണാ പ്രതാപ്, സാവ്‍ധാൻ ഇന്ത്യ, ആത്താ ഹൗ ദേ ധിംഗാന തുടങ്ങിയ നിരവധി ഹിറ്റ് പരമ്പരകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി സർക്കസ്’ എന്ന റിയാലിറ്റി ഷോയിലും പ്രിയ ഭാഗമായിരുന്നു. വിവിധ പരമ്പരകളിലൂടെയും അഭിനയത്തിലൂടെയും പ്രിയ മറാഠേ ടെലിവിഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ ശന്തനു മൊഹെയാണ് പ്രിയയുടെ ഭർത്താവ്. ജനപ്രിയ പരമ്പരകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ആരോഗ്യകാരണങ്ങളാല്‍ പ്രിയ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്.
അർബുദ ബാധിതയായി ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. പവിത്ര റിഷ്തയിലൂടെ സുശാന്ത് സിങ് രജ്പുത്തിനൊപ്പം അഭിനയിച്ച് ഉള്‍പ്പെടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയുടെ അകാല വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകർ.