-->
തിരുവനന്തപുരം: വൈസ് ചാന്‍ലസര്‍, ഭാരതാംബ വിവാദത്തില്‍ രണ്ടു ചേരിയിലാണെങ്കിലും സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവര്‍ണറെ നേരിട്ട് ക്ഷണിക്കാന്‍ മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഇന്ന് വൈകിട്ട് മന്ത്രിമാരുടെ സംഘം രാജ്ഭവന്‍ സന്ദര്‍ശിക്കും. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്.
ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കാന്‍ പോകുന്ന ഓണം ഘോഷയാത്ര നടത്തുന്ന ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവര്‍ണറെ നേരിട്ട് പരിപാടികളിലേക്ക് ക്ഷണിക്കാന്‍ പോകുക. വൈകിട്ട് നാലുമണിക്ക് ഇവര്‍ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവന്‍ സന്ദര്‍ശനം.
സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരന്‍മാര്‍ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും. ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.