-->
ന്യൂഡല്‍ഹി: ജഗദീപ് ധന്‍കറിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കത്തില്‍ എംപിമാര്‍ക്ക് പരിശീലനവുമായി എന്‍ഡിഎ. ലോക്‌സഭയിലും രാജ്യസഭയിലുമായി എന്‍ഡിഎ മുന്നണിയ്ക്കുള്ള 425 എം പിമാരുടേയും വോട്ട് ഉറപ്പിക്കാനുള്ള നീക്കവുമായിട്ടാണ് ബിജെപി നീങ്ങുന്നത്. സെപ്തംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. അന്നേദിവസം എല്ലാവരും പാര്‍ലമെന്റില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
എന്‍ഡിഎ മുന്നണി എം പിമാര്‍ക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് എം പിമാരെ ബോധവാന്മാരാക്കുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം എല്ലാ എംപിമാരെയും പാര്‍ലമെന്റില്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരെയും എം പിമാരെയും എന്‍ഡിഎ മുന്നണി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ ശരിയായ രീതികള്‍ പരിശീലന പരിപാടിയില്‍ വിശദീകരിക്കും. വോട്ട് അസാധുവാകാതെ നോക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന പേന നിര്‍ബന്ധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ബാലറ്റ് കൃത്യമായി മടക്കുന്നതിനെക്കുറിച്ചും എം പിമാര്‍ക്ക് പരിശീലനം നല്‍കും. ക്രോസ് വോട്ടുകളും അസാധു വോട്ടുകളും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ മുന്നണി തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
നിലവില്‍ പാര്‍ലമെന്റില്‍ 55 ശതമാനത്തോളം വോട്ടുള്ള എന്‍ഡിഎ 60 ശതമാനം വോട്ടെങ്കിലും നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 2022ല്‍ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ 74.4 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലുമായി, നേമിനേറ്റഡ് അംഗങ്ങള്‍ അടക്കം ആകെയുള്ള 782 എംപിമാര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 392 വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.
സെപ്റ്റംബര്‍ 8ന് പ്രധാനമന്ത്രി എല്ലാ എന്‍ഡിഎ എം പിമാര്‍ക്കും അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനകം സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒഡീഷയില്‍ നിന്ന് ബിജു ജനതാദളിന്റെയും തെലങ്കാനയില്‍ നിന്നും ബിആര്‍എസിന്റെയും പിന്തുണ നേടാനുള്ള ശ്രമങ്ങളും എന്‍ഡിഎ നേതൃത്വം നടത്തുന്നുണ്ട്. ഏഴ് എം പിമാരുള്ള ബിജു ജനതാദള്‍ ഇതുവരെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കിയിട്ടില്ല. സി പി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.