-->
അവതാരക, അഭിനേത്രി, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്നീ നിലകളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. അവതാരകയായി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായും സെലിബ്രിറ്റി ഇന്റവ്യൂവറായുമൊക്കെ പേര്‍ളി തിളങ്ങി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതാണ് പേര്‍ളിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായത്. അവിടെ സഹമത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേര്‍ളി പ്രണയത്തിലാകുകയും ഹൗസില്‍ നിന്നിറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നിന്നിരുന്ന പേര്‍ളിയുടെ പ്രണയവും വിവാഹവും കുഞ്ഞുങ്ങള്‍ ജനിച്ചതുമടക്കം എല്ലാം ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ സന്തോഷങ്ങളും പങ്കിടാറുള്ള പേര്‍ളി മക്കളുടെ കുസൃതികളും വിശേഷങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടുത്താറുണ്ട്. ശ്രീനിഷിനൊപ്പമുള്ള പേര്‍ളിയുടെ ഫോട്ടോഷൂട്ടുകളും ട്രെന്‍ഡിംഗായി മാറിയിട്ടുണ്ട്. പേര്‍ളിയുടെ യൂട്യൂബ് ചാനലായ പേർളി മാണി ഷോയ്ക്ക് 4.6 മില്ല്യൺ സബ്സ്ക്രൈബേഴ്സാണ് ഉള്ളത്.
ഇപ്പോഴിതാ മകള്‍ നിതാരയുടെ കാതു കുത്തിന്റെ വീഡിയോയാണ് പേര്‍ളി പങ്കുവച്ചിരിക്കുന്നത്. അപ്പച്ചന്റെ മടിയില്‍ സന്തോഷത്തോടെ ഇരിക്കുന്ന നിതാരയെയും പിന്നീട് കാതുകുത്തുമ്പോള്‍ മകള്‍ക്കൊപ്പം കരയുന്ന പേര്‍ളിയെയും വീഡിയോയില്‍ കാണാം. മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന പേര്‍ളിയാണ് വീഡിയോയില്‍ ആദ്യം. പിന്നീട് പേര്‍ളിയുടെ അപ്പന്‍ വീട്ടിലേക്ക് വരുന്നതും കുശലങ്ങള്‍ പങ്കിടുന്നതും നിളയും നിതാരയും ഓടിക്കളിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. പിന്നീടാണ് കാതുകുത്താനുള്ള ആളെത്തുന്നതും നിതാര കരഞ്ഞു തുടങ്ങുന്നതും. ഇതിനിടയില്‍ പണ്ട് നിളയെ കാതുകുത്തുന്ന വീഡിയോയും പേര്‍ളി എഡിറ്റ് ചെയ്ത് കാണിക്കുന്നുണ്ട്.
അപ്പച്ചന്റെ മടിയിലിരിക്കുന്ന നിതാരയെ പിടിക്കുന്നുണ്ടെങ്കിലും കാതു കുത്തുന്നത് പേര്‍ളി നോക്കാതെ തിരിഞ്ഞിരിക്കുന്നുണ്ട്. ഇടയ്ക്ക് മകളെ ചേര്‍ത്തു പിടിച്ച് പേര്‍ളി വിതുമ്പുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് ഒരാശ്വാസമായി ശ്രീനിഷും എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. മകളെ കമ്മല്‍ കാണിക്കുന്നതും പിന്നീട് സന്തോഷത്തോടെ കുട്ടികള്‍ക്കൊപ്പം കൂടുന്ന പേര്‍ളിയെയും വീഡിയോയില്‍ കാണാം.
പതിവു പോലെ പേര്‍ളിയുടെ ഈ വീഡിയോയ്ക്കും 24 കെ ലൈക്കും ഏഴു ലക്ഷത്തിലധികം കാഴ്ച്ചക്കാരുമുണ്ട്. വീഡിയോയ്ക്ക് താഴെ പലരും കമന്റുകളും കുറിച്ചിട്ടുണ്ട്. ‘പേർളിയുടെ സ്വർഗ്ഗം ആണ് രണ്ട് ചുന്ദരി മണികൾ...,നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കാണുന്നതിൽ വളരെ സന്തോഷം, നിതാരയുടെ കാത് കുത്തൽ നടക്കുന്നതിനിടയിൽ പേളി ചേച്ചി നിലുവിന്റെ കാത് കുത്തൽ കാണിച്ചപ്പോൾ വളരെ ക്യൂട്ടായിരുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.