-->
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. കാമറയുടെ മുന്നില്‍ ലാല്‍ അഭിനയിക്കുന്നതു കാണുന്നത് ഒരു ഭാഗ്യമാണെന്നും സ്റ്റാര്‍ട്ട് കാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ വളരെ പെട്ടെന്നാണ് മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
'ഒരു ബസ് വാങ്ങി ബുദ്ധിമുട്ടുന്ന ഒരാളുടെ ഏറ്റവും വലിയ പ്രയാസങ്ങളില്‍ ഒന്നാണ് വരവേല്‍പ്പ് എന്ന സിനിമ. പക്ഷെ നമ്മള്‍ അതിനെ ഹ്യൂമറസ് ആയിട്ടാണ് അവതരിപ്പിച്ചത്. അപ്പോ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച ആളാണ് മോഹന്‍ലാല്‍. വളരെ പെട്ടെന്നാണ് മോഹന്‍ലാലിന്റെ ഭാവം മാറുന്നത്. ഒരു കാമറയുടെ മുന്നിലേക്ക് പോകുന്നതിന്റെ തൊട്ടു മുന്‍പ് വരെയും തമാശയുടെ സംസാരിച്ച് നിന്നിട്ട് സ്റ്റാര്‍ട്ട് കാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ ലാല്‍ കഥാപാത്രമായി മാറും. അതൊരു വലിയ അത്ഭുതമാണ്. അതുകൊണ്ടാണ് മോഹന്‍ലാലിനെ അഭിനയിപ്പിച്ച് കൊതിതീര്‍ന്നിട്ടില്ല എന്ന് ഞാന്‍ പറയുന്നത്. നമ്മുടെ കാമറയുടെ മുന്നില്‍ ലാല്‍ അഭിനയിക്കുന്നത് കാണുന്നത് ഒരു ഭാഗ്യമാണ്. ഹൃദയപൂര്‍വം ചെയ്യുമ്പോഴും അത്തരം മോമെന്റുകള്‍ ഉണ്ടാകണം എന്നാണ് ഞാന്‍ കരുതിയത്', സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍.
2015-ല്‍ പുറത്തിറങ്ങിയ ' എന്നും എപ്പോഴും' എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.