-->
മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് ഹരിശ്രീ അശോകന്‍. താരത്തിന്റെ മകനെന്ന ലേബലില്‍ ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് അര്‍ജുന്‍ അശോകന്‍. എന്നാല്‍ ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാകാന്‍ അർജുന് കഴിഞ്ഞു. ഹാസ്യവും ക്യാരക്ടര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് തന്റെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അര്‍ജുന്‍ തെളിയിച്ചു.
താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘തലവര’. ഈ ചിത്രത്തില്‍ മനം കവരുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ജ്യോതിഷ് എന്ന കഥാപാത്രം അർജുന്റെ കരിയറില്‍ തന്നെ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ സിനിമയുടെ റിലീസിന് ശേഷം അണിയറപ്രവർത്തകർ ചേർന്ന് നടത്തിയ പ്രസ് മീറ്റില്‍ അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യമായിട്ടാണ് തന്റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് തനിക്കൊരുമ്മ തന്നതെന്നും പൊതുവേ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ എന്നുമാണ് അര്‍ജുന്‍ പറയുന്നത്.
‘‘ആദ്യമായിട്ടാണ് എന്റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നത്. പൊതുവെ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ. കുടുംബവുമായി എത്തിയാണ് ആദ്യ ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കൈയില്‍ നിന്ന് പോയെന്നും പ്രേക്ഷകരുടെ പ്രതികരണം കേട്ട് ഞാനാകെ ഇമോഷണലായി.
ഇതിനു ശേഷം പത്ത് മണിയ്ക്കുള്ള ഷോയ്ക്ക് കസിൻസ് കയറി, അവർ പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കൂട്ടക്കരച്ചിലായിരുന്നു. ഇത്രയും നാള്‍ ഞാനഭിനയിച്ച സിനിമകളില്‍ എവിടെയെങ്കിലുമൊക്കെ എന്നെ കാണാമായിരുന്നു, പക്ഷേ ഈ പടത്തില്‍ ജ്യോതിഷിനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അവർ പറഞ്ഞത്. അഖിലും അപ്പുവും അത്രയും ഡീപ്പായിട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. അതാണ് അതിന് കാരണം, നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ഇനിയും തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തണം. അതിനായി കുറെ ശ്രമിക്കുന്നുണ്ട്, അത്രയും നല്ല സിനിമ ആയതുകൊണ്ടാണത്...’’ അർജുൻ പറഞ്ഞു.
സിനിമയെക്കുറിച്ച് സംവിധായകൻ അഖില്‍ അനില്‍ കുമാറും സംസാരിച്ചു. ‘‘എന്തെങ്കിലും ഇൻസെക്യൂരിറ്റീസ് മൂലം ഫില്‍റ്ററിട്ടോ ബ്ലാക്ക് ആൻഡ് വിറ്റിലിഗോ ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിടുന്നൊരു മനുഷ്യന് ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ ഒറിജിനല്‍ ഫോട്ടോ തന്നെ എടുത്ത് ഇടാനുള്ള ധൈര്യം ലഭിക്കണം, അത്ര മാത്രമാണ് ഈ സിനിമ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്. അർജുന്റെ കഥാപാത്രം ആദ്യം ഫുള്‍ സ്ലീവ് ഇട്ട് നടക്കുകയാണ് എന്നാല്‍ അവസാനം ഷര്‍ട്ടഴിച്ചുനില്‍ക്കാൻ പോലും അയാള്‍ക്ക് കഴിയുന്നുണ്ട്. യങ്സ്റ്റേഴ്സിന് ഒരു മോട്ടേവേഷനാകും ഈ ചിത്രമെന്നാണ് കരുതുന്നത്...’’ അഖില്‍ പറഞ്ഞു.
അർജുനേയും അഖിലിനേയും കൂടാതെ നായിക രേവതി ശർമ്മ, താരങ്ങളായ റാഫി ഡിക്യു, മനോജ് മോസസ്, സോഹൻ സീനുലാല്‍, അഭിറാം രാധാകൃഷ്ണൻ, ഷെബിൻ ബെൻസണ്‍, ആതിര മറിയം, തിരക്കഥാകൃത്ത് അപ്പു അസ്ലം തുടങ്ങിയവരും പ്രെസ് മീറ്റില്‍ പങ്കെടുത്തിരുന്നു.