-->
പാലക്കാട്: ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ളീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും വിമര്‍ശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് നഗരസഭ നൽകിയ കത്തിൽ പറയുന്നത്
'2025 ആഗസ്റ്റ് 22-ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ഠാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താങ്കൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാൻ്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകൾ താങ്കൾക്കെതിരെ സമരപരിപാടിയുമായി വരുവാൻ സാധ്യതയുണ്ടെന്ന് മനസ്സിലായതിനാലും, പരിപാടിയുടെ ശോഭകെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങിൽ അനിഷ്ഠസംഭവങ്ങൾ ഒഴിവാക്കുന്നതിന് മേൽപറഞ്ഞ പരിപാടിയിൽ നിന്ന് താങ്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'