-->
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിന്‍. ' മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ? ' എന്നായിരുന്നു സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ സരിനും രാഹുലിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത് എന്നും ഇതിനെല്ലാം ഒത്താശ ചെയ്യുന്നവര്‍ ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും അതെന്നുമാണ് സരിന്‍ ചോദിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുലിനെതിരെ മത്സരിച്ച നേതാവായിരുന്നു സരിന്‍. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സരിന്‍ സിപിഐഎമ്മിലേക്കെത്തുകയായിരുന്നു.
അതേസമയം ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങളും പാര്‍ട്ടിക്കുള്ളിലെ തന്നെ സമ്മര്‍ദ്ദത്തിനും പിന്നാലെ രാഹുല്‍ ഒരു മണിയോടെ തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചത്. രാഹുലിന്റെ രാജിക്കായി എഐസിസിയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഹുല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഡിവൈഎഫ്ഐ യും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോഴിയെ ഉയര്‍ത്തി പ്രതിഷേധിച്ചു.
ഇന്നലെ മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന നടി യുവനേതാവിനെതിരേ ഗൗരവതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ സ്ഥാനം രാജിവെച്ചത്.