-->
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാല് ഏഷ്യൻ വംശജരായ പ്രവാസികൾക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയതായും നഗരത്തിലെ ചില കെട്ടിടങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ തലസ്ഥാനം പൂർണ്ണ സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ഭരണകൂടം ആവർത്തിച്ചു.
രാജ്യവ്യാപകമായി നടന്ന ആക്രമണങ്ങളുടെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് പുറത്തുവിട്ടത്. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി തൊടുത്തുവിട്ട 10 ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളും സൗദി വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു.
കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു ഊർജ്ജ നിലയത്തെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു. റിയാദിലെ നയതന്ത്ര മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിനെ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകളും സുരക്ഷാ സേന വെടിവെച്ചിട്ടു.