-->
ക്യൂട്ട് ഗേള്‍ ഇമേജില്‍ ആരാധക മനസില്‍ ഇടം നേടിയ നടിയാണ് കല്യാണി പ്രിയദർശൻ. യുവനിരയിലെ ശ്രദ്ധേയായ താരം സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ്. ആ ലേബലിലാണ് സിനിമയിൽ എത്തിയതെങ്കിലും തന്റേതായ ഒരു ഐഡന്റിറ്റി ചുരുക്കം സിനിമകളിലൂടെ തന്നെ താരം നേടിയെടുത്തു.
ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ സജീവ സാന്നിധ്യമായ താരം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രങ്ങളിലടക്കം തിളങ്ങി നിൽക്കുകയാണ്.
ഇപ്പോഴിതാ അച്ഛൻ പ്രിയദർശനും താനും തമ്മിൽ സിനിമകളെക്കുറിച്ച് അധികം സംസാരിക്കാറില്ലെന്നു പറയുകയാണ് കല്യാണി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ അച്ഛൻ കാണുന്നതിലും പേടി പ്രേക്ഷകർ കണ്ട് അഭിപ്രായം പറയുമ്പോഴാണെന്ന് പറയുകയാണ് താരം. ഏറ്റവും പുതിയ സിനിമയായ 'ലോക'യുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
‘‘ഞാന്‍ ഈ സിനിമ സൈന്‍ ചെയ്തതിനു ശേഷമാണ് അച്ഛനോട് പറയുന്നത്. സിനിമയെ പറ്റി അച്ഛനും ഞാനും സംസാരിക്കാറില്ല. അത്രയും ഡീറ്റെയിലായി സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഷൂട്ടിംഗ് പ്രൊസസില്‍ എനിക്ക് എന്തെങ്കിലും ഇന്‍സെക്യൂരിറ്റീസ് ഉണ്ടെങ്കില്‍ അത് ഞാന്‍ അച്ഛനോട് പോയി പറയാറുണ്ട്. സിനിമയെക്കുറിച്ചോ പ്ലോട്ടിനെപ്പറ്റിയോ ഞങ്ങള്‍ സംസാരിക്കാറില്ല. എന്റെ സിനിമ പ്രേക്ഷകര്‍ കാണുന്നത് തന്നെയാണ് പേടി, അല്ലാതെ അച്ഛന്‍ കാണുന്നതല്ല. അച്ഛനൊരു പാവമാണ്....’’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. ഹൃദയം, തല്ലുമാല, ബ്രോ ഡാഡി എന്നിവയാണ് മലയാളത്തില്‍ കല്യാണി ചെയ്ത ശ്രദ്ധേയ സിനിമകള്‍. മറ്റു ഭാഷകളിലേക്കാള്‍ മലയാള സിനിമാ രംഗത്ത് സിനിമകള്‍ ചെയ്യാനാണ് കല്യാണി ആഗ്രഹിക്കുന്നത്. ചെറുപ്പം മുതലേ മലയാളത്തിൽ തിളങ്ങണം എന്നാണ് ആഗ്രഹിച്ചതെന്നു താരം പറഞ്ഞിട്ടുണ്ട്.
ലോക: ചാപ്റ്റർ വണ്‍ ആണ് കല്യാണിയുടെ പുതിയ സിനിമ. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.