-->
മമ്മൂട്ടി പൂര്‍ണ ആരേവഗ്യവാനായി തിരിച്ചെത്തുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ എം.ബി പത്മകുമാര്‍ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധനേടുന്നു. ഹരികൃഷ്ണന്‍ തിരക്കഥയെഴുതി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് സിനിമയില്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രീകരണാനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു പത്മകുമാറിന്റെ കുറിപ്പ്.
“ആരാണ് നീലൻ ചെയ്യുന്നത്?” “പത്മകുമാറാണ്… ‘നിവേദ്യം’ സിനിമയിൽ അഭിനയിച്ച നടൻ.
അയാളെ വിളിക്കൂ…”
എന്റെ ആദ്യ രംഗം മൈസൂർ കൊട്ടാരത്തിലെ പടിക്കെട്ടുകൾ. സ്രാങ്കിനോട് പറയേണ്ട ഡയലോഗ് തുടങ്ങുന്നത്, “എടാ സ്രാങ്കേ…” എന്ന് വിളിച്ചു കൊണ്ടാണ്.. സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതുമുതൽ ഹൃദയം പിടക്കുന്നു,“പാളിപ്പോയാൽ? ശബ്ദം പുറത്ത് വരാതിരുന്നാൽ?”
പട്ടണം റഷീദിക്ക നീലനെ ഒരുക്കിയെടുക്കാനുള്ള ജോലികൾ തുടരുമ്പോഴും എന്റെ മനസ്സ് മുഴുവൻ ഒരേയൊരു ചിന്ത, “മമ്മൂട്ടി സാറിനൊപ്പം, ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ…”ഷാജി സാർ “ആക്ഷൻ” വിളിക്കുന്ന നിമിഷം ഹൃദയം പൊട്ടിത്തെറിക്കുമെന്ന തോന്നൽ.
“ഞാൻ പാളുമോ? നീലനാകാൻ കഴിയാതിരുന്നാൽ?”അപ്പോൾ, പിന്നിൽ നിന്നൊരു ശബ്ദം, “മമ്മുക്കാ വിളിക്കുന്നു…”മേക്കപ്പ് പൂർത്തിയാക്കി, ഞാൻ ചെന്നു. മമ്മൂട്ടി സാർ ചാരുകസേരയിൽ ഇരിക്കുകയാണ്….
"ഗുഡ്മോണിങ് സാർ…" പതുക്കെ ഞാൻ പറഞ്ഞു.മുഖം തിരിച്ച് എന്നെ നോക്കി… ചിരിച്ചോ എന്നെനിക്കറിയില്ല… മനസ്സിൽ ഒരുപാട് ആരാധിച്ച ബഹുമാനിച്ച..മമ്മൂട്ടിസാർ എന്നെ നോക്കുന്നു…നിവേദ്യം കഴിഞ്ഞ് ലോഹിസാറാണ് മമ്മൂട്ടി സാറിന്റെ നമ്പർ എനിക്ക് തന്നത്… ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്…നേരിട്ട് ഇപ്പോഴാണ് കാണുന്നത്…
മമ്മൂട്ടി സാർ ചോദിച്ചു:
“എപ്പോഴാണ് എത്തിയത്?”
“ഇന്നലെ, സാർ,” ഞാൻ മറുപടി നൽകി.
പിന്നെ ഒന്നും പറഞ്ഞില്ല.
, “പോകാം,” കൂട്ടിക്കൊണ്ട് വന്നയാൾ പറഞ്ഞു…
എന്റെ ഉള്ളിലെ ഭാരം കൂടി. “എന്താണ്? അദ്ദേഹം അധികം സംസാരിക്കാത്തത്… നീലനായി ഞാൻ ശരിയല്ലേയോ?”ഷൂട്ടിംഗ് സമയമെത്തി.
സ്രാങ്കായി മമ്മൂട്ടി സാറും,പത്മകുമാറായി ഞാനും.ഹൃദയം പൊട്ടിത്തെറിക്കുന്ന പോലെ. “തെറ്റും… തീർച്ചയായും തെറ്റും…”ലൈറ്റ് പരിശോധന അവസാനിച്ചു. അഞ്ജലി, “ഷോട്ട് റെഡി,” എന്നു അറിയിച്ചു.
എന്റെ ഹൃദയത്തിന്റെ ഭാരം കൂടി… ഞാൻ തലകുനിച്ചു…എന്റെ തോളിൽ ഒരു കൈ.ഞാൻ മുഖമുയർത്തി നോക്കി… മമ്മൂട്ടി സാർ, ചിരിച്ചുകൊണ്ട് എന്നെ നോക്കുന്നു…
“ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല. ഇവിടെ സ്രാങ്കും നീലനും മാത്രമേ ഉണ്ടായിരിക്കൂ. ടെൻഷൻ വേണ്ട.” ആ വാക്കുകൾ,
എന്റെ ആത്മാവിലെ ഇരുട്ടിലേക്ക് ഒരു വെളിച്ചമായി ഒഴുകി.
ആക്ഷനു മുൻപ്, ഞാൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു തൊഴുതു.അന്ന്, ആദ്യ ടെക്കിൽ തന്നെ, എനിക്ക് ഭംഗിയായി അഭിനയിക്കാൻ സാധിച്ചു…
അന്ന് മുതൽ ഇന്നുവരെയും, ആ വാക്കുകൾ,എന്റെ യാത്രയ്ക്ക് വഴികാട്ടിയായി…
ദൂരെ ഒരു നക്ഷത്രം, താഴേക്ക് എന്നെയും നോക്കുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ഷൂട്ടിംഗ് അവസാനിച്ച ദിവസം, കായലോരത്ത് ലൊക്കേഷൻ. ഞാൻ യാത്ര ചോദിച്ചു. മമ്മൂട്ടി സാർ ചിരിച്ചു പറഞ്ഞു: “ഇനിയും കാണാം.”
വീട്ടിലെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജോർജ് ചേട്ടന്റെ വിളി വന്നു…“ ജോണി ആന്റണിയെ പോയി കാണാൻ…മമ്മുക്ക പറഞ്ഞു”
‘പട്ടണത്തിൽ ഭൂതം’ സിനിമയിൽ സർക്കസിലെ ബൈക്ക് റേസറായ ‘തേജ’ എന്ന കഥാപാത്രത്തിന് എന്നെ ശുപാർശ ചെയ്തത് മമ്മൂട്ടി സാറായിരുന്നു.
ബോംബയിൽ നിന്ന് ജോണി ആന്റണി നേരത്തെ തീരുമാനിച്ചിരുന്ന നടനെ മാറ്റിയത് മമ്മുട്ടിസാറിന്റെ ശക്തമായ ശുപർശയായിരുന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്റെ സിനിമാ അഭിനയ കരിയറിലെ തിരശ്ശീല വീണതും പട്ടണത്തിൽ ഭൂതത്തിലെ തേജയെന്ന കഥാപാത്രമായിരുന്നു എന്നതും മറ്റൊരു സത്യം.
കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടി സാറിന് സുഖമില്ലെന്ന് മാധ്യമങ്ങളിൽ കൂടി അറിഞ്ഞപ്പോൾ മുതൽ, ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടായിരുന്നു. കടപ്പാടുകൊണ്ടല്ല… ആരാധനകൊണ്ടല്ല… അതിലുമപ്പുറം എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ദൂരെ നിന്ന് നോക്കുന്ന
ഒരു വലിയ ഹൃദയത്തിനു വേണ്ടി,ദുരെ നിന്ന് ചേർത്തുപിടിക്കുന്നഒരു ജ്യേഷ്ഠനോടുള്ള കരുതൽ..
ഇന്ന് അറിഞ്ഞു, അദ്ദേഹം വീണ്ടും പൂർണ്ണാരോഗ്യത്തോടും ശക്തിയോടും തിരികെ വന്നിരിക്കുന്നു. മനസ്സിന് ഒരാശ്വാസം. ദൈവത്തോടുള്ള നന്ദി…
മമ്മൂട്ടി സാർ എന്നും കരുത്തോടെജീവിതത്തെയും സിനിമയെയും മനോഹരമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു… എം.ബി പത്മകുമാര്‍ കുറിച്ചു.