-->
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമണം. ഓഗസ്റ്റ് 20 ബുധനാഴ്ച രാവിലെ സിവില്‍ ലൈനിലെ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ രേഖ ഗുപ്ത ജന്‍ സണ്‍വായ് പരിപാടി നടത്തുന്നതിനിടെയാണ് സംഭവം. സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മുഖത്തടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെന്ന്് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വീടിന് പുറത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതികള്‍ സ്വീകരിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.
ആഴ്ചയില്‍ ഒരു ദിവസം ഡല്‍ഹി മുഖ്യമന്ത്രി ജനങ്ങളെ കാണുന്ന പതിവുണ്ട്. പരാതിക്കാരില്‍ നിന്നും പരാതിയും അപേക്ഷയുമൊക്കെ സ്വീകരിക്കുന്ന പരിപാടിയില്‍ പരാതിക്കാരന്‍ എന്ന വ്യാജേനെ എത്തിയയാള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് കനമുള്ള എന്തോവസ്തു കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ രേഖാഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്്. പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 35 വയസ് പ്രായം തോന്നിക്കുന്ന ഒരാളാണ് അക്രമിയെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.
അക്രമിയുടെ കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കയ്യിലും ഒരുകെട്ട് പേപ്പര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കീഴിലാണ് ഡല്‍ഹിയിലെ ആഭ്യന്തര വകുപ്പെന്നും ബിജെപിയുടെ മുഖ്യമന്ത്രിക്ക് തന്നെ ഡല്‍ഹിയില്‍ സുരക്ഷയില്ലെങ്കില്‍ പിന്നെ സാധാരണക്കാര്‍ക്ക് എന്ത് സുരക്ഷയാണ് ഉറപ്പെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ഈ സംഭവം ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷയെ തുറന്നുകാട്ടുന്നതാണെന്നാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് മേധാവി ദേവേന്ദര്‍ യാദവ് പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണ പുരുഷനോ സ്ത്രീക്കോ എങ്ങനെ സുരക്ഷിതയാകാന്‍ കഴിയും?' അദ്ദേഹം ചോദിച്ചു. ഇതിന് മുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിയുടെ മാല പൊട്ടിച്ച സംഭവം ഉണ്ടായിരുന്നു. ഈ സംഭവവും വലിയ വിവാദമായി മാറിയിരുന്നു. ഡല്‍ഹി മേധാവി ദേവേന്ദര്‍ യാദവ് സംഭവത്തെ 'വളരെ നിര്‍ഭാഗ്യകരമാണ്' എന്ന് വിശേഷിപ്പിച്ചു.