-->
ന്യൂഡല്‍ഹി: വോട്ടുമോഷണം ആരോപണമുയര്‍ത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടയില്‍ പാര്‍ലമെന്റില്‍ സുപ്രധാനബില്ലുമായി കേന്ദ്രസര്‍ക്കാര്‍. അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇന്ന് അവതരിപ്പിക്കും. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിലായിരിക്കും ഈ വ്യവസ്ഥ.
പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമാകുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ എത്തും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. അതേസമയം ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല. ഇതിനൊപ്പം ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ബില്‍ എന്നിവയും അവതരിപ്പിക്കും.
ജമ്മുകശ്മീര്‍ പുനസംഘടനാ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്സഭയില്‍ അവതരിപ്പിക്കുക. ഈ ബില്ല് നടപ്പാക്കാന്‍ ആവശ്യമായ ഭരണഘടന ഭേദഗതിക്കും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതിക്കും വേണ്ടിയുള്ള രണ്ട് ബില്ലുകളും ആഭ്യന്തരമന്ത്രിയുടെ പേരില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിംഗിന് നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ അവതരിപ്പിക്കുക. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.