Sunday, March 15, 2026 Last Updated 19 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 08.50 AM

വാപ്പച്ചിയുടെ ഇഷ്ടസ്ഥലമായ ചെന്നൈയിലേക്ക് സഫയും മര്‍വയും അവരുടെ ഉമ്മയും; കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ ചെന്നൈയിലേക്ക് പോകുന്ന വീഡിയോ പങ്കിട്ട് അളിയന്‍ ഫിറോസ് മാളിയേക്കല്‍

ഹാസ്യതാരം, വില്ലന്‍, സ്വഭാവനടന്‍ എന്നിങ്ങനെ ബിഗ്സ്ക്രീനിനു മുന്നിലും തിരക്കഥ സംവിധാനം എന്നിവയിലൂടെ വെള്ളിത്തിരയ്ക്കു പിന്നിലും തിളങ്ങി നിന്ന താരമാണ് കൊച്ചിന്‍ ഹനീഫ. ഇപ്പോഴിതാ താരത്തിന്റെ ഇരട്ടപെണ്‍കുട്ടികള്‍ ചെന്നൈയിലേക്ക് താമസം മാറിയ സന്തോഷം പങ്കിടുകയാണ് അളിയന്‍ ഫിറോസ് മാളിയേക്കല്‍.
Cochin Haneefa , Safa and Marva
Kochin Haneefa's Kids shiftefd to chennai (Image Source: Instagram)

മലയാള സിനിമയില്‍ അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ​കൈമുദ്ര ചാലിച്ച താരമായിരുന്നു കൊച്ചിന്‍ ഹനീഫ. മിമിക്രി വേദികളിലൂടെ വെള്ളിത്തിരയിലെത്തി തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത താരം. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള താരത്തിന്റെ വേഷപ്പകർച്ച കണ്ട് മലയാളികള്‍ വിസ്മയിച്ചു. പിന്നീട് നര്‍മ്മരസമുള്ള കഥാപാത്രങ്ങളിലൂടെ കൈയടി നേടുകയായിരുന്നു താരം.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം വേര്‍പെട്ടെങ്കിലും ഇന്നും കൊച്ചിൻ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത, അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും പ്രേക്ഷകര്‍ക്ക് കടന്നുപോകാറില്ല. വില്ലന്‍, സ്വഭാവനടന്‍, ഹാസ്യതാരം തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
സഫ മര്‍വ എന്നിങ്ങനെ ഇരട്ട പെണ്‍മക്കളാണ് കൊച്ചിന്‍ ഹനീഫയ്ക്ക്. 15 കൊല്ലം മുമ്പ് താരം മരണത്തിനു കീഴടങ്ങുമ്പോള്‍ ചെറിയ കുട്ടികളായിരുന്നു അവര്‍. ഉപ്പയുടെ മരണശേഷം ഉമ്മ ഫാസിലയുടെ കരുത്തിലാണ് സഫയും മര്‍വയും വളര്‍ന്നത്.
ഇപ്പോഴിതാ, പുതിയ ജീവിതം തേടി ഉപ്പയുടെ ഇഷ്ടനഗരമായ ചെന്നൈയിലേക്ക് തന്നെ എത്തിയിരിക്കുകയാണ് അമ്മയും രണ്ടു മക്കളും. ഫാസിലയുടെ അനുജനും കൊച്ചിന്‍ ഹനീഫയുടെ അളിയനുമായ ഫിറോസ് മാളിയേക്കല്‍ ആണ് മരുമക്കളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകളായി പങ്കുവച്ചത്. ‘‘നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഹനീഫ്ക ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക്, സഫ കൊച്ചിന്‍ ഹനീഫ് സിഎ യും മര്‍വ കൊച്ചിന്‍ ഹനീഫ് സിഎസും വിജയകരമായി രണ്ടാം വര്‍ഷത്തിലേക്ക്... പടച്ചോന്‍ അനുഗ്രഹിക്കട്ടേ....’’ എന്നു പറഞ്ഞു കൊണ്ടാണ് മക്കള്‍ രണ്ടു പേരെയും ചെന്നൈയിലേക്ക് കൊണ്ടാക്കാന്‍ പോകുന്ന വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ഫിറോസ് പങ്കുവച്ചത്. ‘‘വാപ്പച്ചിയുടെ ഇഷ്ട സ്ഥലമായ മദ്രാസിലേക്ക് സഫയും മർവയും...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഫിറോസിന്റെ പോസ്റ്റ്.
പരിശോധനകള്‍ കഴിഞ്ഞ് വിമാനത്തിലേക്ക് കയറാന്‍ പോകുന്നതും അകത്ത് സീറ്റിലേക്ക് കയറിയിരിക്കാന്‍ പോകവേ അപ്രതീക്ഷിതമായി നടന്‍ ജയറാമിനെ ഇവര്‍ കാണുന്നുണ്ട്. തുടര്‍ന്ന് ജയറാമുമായി സംസാരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും എല്ലാം ചെയ്ത് മനസു നിറഞ്ഞുള്ള അനുഗ്രഹവും വാങ്ങിയ ശേഷമാണ് അവര്‍ സീറ്റുകളിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്.

എന്നും കൊച്ചിന്‍ ഹനീഫയുടെ ആഗ്രഹം ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നായിരുന്നു. ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു താരം. അതുകൊണ്ടാണ് സാധാരണയായി മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹജീവിതത്തിലേക്ക് കടക്കുന്ന പതിവ് ഈ താരപുത്രിമാര്‍ തെറ്റിച്ചതും, പഠിച്ച് മിടുക്കികളായതും. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയെങ്കിലും ഫാസില രണ്ടു മക്കളേയും മിടുമിടുക്കികളായി പഠിപ്പിച്ചു.
പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്സുകള്‍ക്ക് ചേര്‍ന്നു. ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവാ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നു. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ട്രെയിനിംഗിന്റെ ഭാഗമായിട്ടാണ് ചെന്നൈയിലേക്ക് മാറിയത്. ഇരുവര്‍ക്കും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്.
കൊച്ചിന്‍ ഹനീഫയുടെ മരണ ശേഷം താരത്തിന്റെ കുടുംബത്തെ കുറിച്ച്‌ അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നു.
2010 ഫെബ്രുവരി 2 നാണ് കൊച്ചിന്‍ ഹനീഫ കരള്‍ രോഗം ബാധിച്ച് ചെന്നൈയില്‍ വച്ച് മരണത്തിനു കീഴടങ്ങി. അതിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന താരത്തിന്റെ ഭാര്യയുടേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ അപൂര്‍വ്വമായി മാത്രമെ പുറത്തു വരാറുള്ളൂ. 'അഴിമുഖം' എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിലും കൊച്ചിന്‍ ഹനീഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വാത്സല്യം, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ താരം സംവിധാനം ചെയ്തു. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Ads by Google
Tuesday 19 Aug 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW