-->
മലയാളത്തിൽ റിലീസ് ചെയ്ത ചില സിനിമകൾ കാലമെത്ര കഴിഞ്ഞാലും റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളാണ്. അക്കൂട്ടത്തിൽ മുന്നിലാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്‌ലഹേം.
മോഹൻലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി, സുകുമാരി, ജനാർദ്ദനൻ തുടങ്ങിയ വൻ താരനിരകളാണ് അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 27 വർഷങ്ങള്‍ക്ക് ശേഷം നിർമ്മാതാവ് സിയാദ് കോക്കർ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുന്നു. സമ്മർ ഇൻ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കുന്ന പോസ്റ്റർ പങ്കിട്ടാണ് ഈ ഹിറ്റ് സിനിമയുടെ പുതിയ അപ്‌ഡേറ്റ് വന്നത്. "മാജിക് ചുമ്മാതെ ഉണ്ടാകുന്നില്ല. ഇതിഹാസങ്ങള്‍ ഒത്തുചേരുമ്പോഴാണ് അവ സൃഷ്ടിക്കപ്പെടുന്നത്! ഉടൻ വരുന്നു..." എന്ന ക്യാപ്ഷൻ നൽകിയാണ് സിയാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചത്.
'പൂച്ചയ്ക്ക് മണി കെട്ടിയതാരാണ് ??? കൂടുതല്‍ സർപ്രൈസുകള്‍ക്കായി കാത്തിരിക്കുക..' എന്ന കുറിപ്പോടെ സിബിമലയിലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. തുടർഭാഗത്തില്‍ മഞ്ജുവാര്യരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ സിയാദ് കോക്കർ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റ് വന്നതോടെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്.