-->
തമിഴകത്തിന്റെ സ്വന്തം തലൈവരായി ആരാധകര്‍ മനസ്സില്‍ കുടിയിരുത്തിയ താരമാണ് രജനികാന്ത്. വര്‍ഷങ്ങളായി തന്റെ സ്റ്റൈലും സ്വാഗും കൊണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന രജനികാന്തിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ ആരാധകര്‍ മാത്രമല്ല അഭിനേതാക്കളും സംവിധായകരുമൊക്കെയുണ്ട്.
നടന മാസ്മരികതയുടെ 50 വര്‍ഷത്തിന് എല്ലാ ആശംസകളും സ്നേഹവും അറിയിക്കുകയാണ് ആരാധകരും സിനിമാലോകവും. സൂപ്പർസ്റ്റാറിന്റെ സിനിമയിലെ സുവർണ്ണ ജൂബിലി രാജ്യവ്യാപകമായ ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. കൂലിയുടെ ഗംഭീര റിലീസിനെ വരവേല്‍ക്കുന്ന ആരാധകരും സിനിമാ വ്യവസായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും താരത്തിന് ആശംസകള്‍ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ മനസ്സിലെ തമിഴ് ഐക്കണിനെ ആദ്യമായി കണ്ടുമുട്ടിയ ആ അതിമനോഹരമായ നിമിഷം ഓര്‍ത്ത് ഇൻസ്റ്റാഗ്രാമിൽ ഒരു വൈകാരികമായ പോസ്റ്റ് പങ്കിടുകയാണ് സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവൻ. “ഞാൻ നിങ്ങളെ ആദ്യമായി കണ്ടപ്പോൾ, എനിക്ക് കണ്ണുനീർ അടക്കാനായില്ല... തലൈവ... ഈ വ്യവസായത്തിലെ എല്ലാവരും, നിങ്ങളെ അറിയുന്ന എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു... നിങ്ങൾ ശരിക്കും ഒരു നല്ല മനുഷ്യനായതുകൊണ്ടാണത്.... ഒരു താരമാകുന്നതും നിങ്ങൾ മനുഷ്യനായിരിക്കുന്നതും ഈ സ്നേഹത്തെയെല്ലാം ന്യായീകരിക്കുന്നതുമാണ്... 50 വർഷത്തെ വിനോദം, 50 വർഷത്തെ സ്റ്റൈല്‍, നിങ്ങളുടെ വിശ്വസ്തരായ ആരാധകരിൽ നിന്നുള്ള 50 വർഷത്തെ സ്നേഹം...എന്നേക്കും തുടരും...” എന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് വിഘ്നേഷ് കുറിച്ചത്. ആദ്യ ദിവസം തന്നെ ‘കൂലി’ കാണാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും മുഴുവൻ ടീമിനും വിജയം ആശംസിച്ചുവെന്നും വിഘ്നേഷ് പങ്കുവെച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’ ആഗോളതലത്തിൽ ആദ്യദിനം തന്നെ വമ്പൻ വിജയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ സത്യരാജ്, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ എന്നിവരും അഭിനയിക്കുന്നു. സ്‌പെഷ്യൽ അപ്പിയറൻസ് ആയി ആമിർ ഖാനും ചിത്രത്തിലെത്തുന്നുണ്ട്. കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.