-->
തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം.
തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും. സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക് റോഷന്‍.
എക്‌സില്‍ പങ്കുവെച്ച മനോഹരമായ കുറിപ്പില്‍ തലൈവരുടെ ഓണ്‍സ്‌ക്രീന്‍ മാജിക്കിനെ ഹൃത്വിക് പ്രശംസിക്കുന്നുണ്ട്. കൂടാതെ രജനികാന്തിനൊപ്പം തന്റെ അഭിനയ യാത്ര ആരംഭിച്ചതെങ്ങനെയാണെന്നു പരാമര്‍ശിക്കുകയും അദ്ദേഹത്തെ ആദ്യ അധ്യാപകനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഒരു നടന്‍ എന്ന നിലയില്‍ എന്റെ ആദ്യ ചുവടുകള്‍ നിങ്ങള്‍ക്കൊപ്പമായിരുന്നു. എന്റെ ആദ്യ അധ്യാപകരില്‍ ഒരാള്‍. സര്‍ നിങ്ങള്‍ ഇപ്പോഴും ഒരു പ്രചോദനമായി തുടരുന്നു. സ്‌ക്രീനിലെ മാജിക്കിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍ ഹൃത്വിക് കുറിച്ചു. 1986 ല്‍ പുറത്തിറങ്ങിയ ഭഗവാന്‍ ദാദ എന്ന ചിത്രത്തിലായിരുന്നു ഹൃത്വിക് ബാലതാരമായി രജനികാന്തിനൊപ്പം അഭിനയിച്ചത്.
അതേസമയം ഹൃത്വിക്കിന്റെ ആക്ഷന്‍-ത്രില്ലര്‍ ചിത്രം വാര്‍ 2 ഉം രജനീകാന്തിന്റെ കൂലിയും ഓഗസ്റ്റ് 14 നാണ് റിലീസ് ചെയ്യുന്നത്. ഹൃത്വിക് റോഷന്‍ , ജൂനിയര്‍ എന്‍ടിആര്‍, കിയാര അധ്വാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വാര്‍ 2 സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജിയാണ്. യാഷ് രാജ് ഫിലിംസിന്റെ കീഴില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ വാര്‍ 2 പ്രദര്‍ശനത്തിനെത്തും.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. രജനീകാന്തിനൊപ്പം, നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ്, ആമിര്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Took my first steps as an actor at your side. You were one of my first teachers, @rajinikanth sir, and continue to be an inspiration and a standard. Congratulations on completing 50 years of on-screen magic!— Hrithik Roshan (@iHrithik) August 13, 2025