-->
സെലിബ്രിറ്റി ലോകം പുറംകാഴ്ചയില്‍ പലപ്പോഴും ഫെയിമും സമ്പത്തും പ്രശസ്തിയുമൊക്കെ തരുന്ന സുന്ദരലോകമാണ്. പക്ഷേ ഇത് മാനസിക സമ്മര്‍ദ്ദങ്ങളുടെയും നൊമ്പരങ്ങളുടെയും ലോകം കൂടിയാണെന്ന് ജീവിതം അവസാനിപ്പിക്കുന്ന പല താരങ്ങളും തെളിയിച്ചിട്ടുണ്ട്. സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ നില്‍ക്കുമ്പോഴും മാനസിക സുഖം വളരെ കുറവാണെന്ന് ഇവരില്‍ പലരുടെയും ആത്മഹത്യകള്‍ തെളിയിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് സീരിയല്‍ താരം അപര്‍ണ നായര്‍ കരമനയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് താരം പല മാനസിക സമ്മര്‍ദ്ദത്തിനും അടിമയായിരുന്നുവെന്ന് പുറംലോകം അറിഞ്ഞത്. ഭര്‍ത്താവ് സഞ്ജിതിനും മൂന്നു വയസുകാരിയായ ഇളയമകള്‍ക്കും ഒപ്പമായിരുന്നു അപര്‍ണ ഇവിടെ താമസിച്ചിരുന്നത്.
അപര്‍ണയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമായിരുന്നു. ഒറ്റനോട്ടത്തിൽ സ്നേഹം നിറഞ്ഞ വീട്ടിലെ കുടുംബിനി എന്ന് മാത്രമേ ഇതിൽ നിന്നും വായിക്കാൻ ആർക്കും പറ്റൂ. അപര്‍ണയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച കുട്ടിയാണ് മൂത്തമകള്‍ ത്രയ. അവള്‍ അപര്‍ണയുടെ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. വല്ലപ്പോഴുമാണ് അമ്മയ്ക്കൊപ്പം കഴിയുവാന്‍ കരമനയിലെ വീട്ടിലേക്ക് എത്തിയിരുന്നത്. ഭര്‍ത്താവ് സഞ്ജിത്തിനെ മനസ്സു തുറന്നു സ്നേഹിച്ചിട്ടും അയാളുടെ മദ്യപാനവും അവഗണനയും മൂലം മനസു തകര്‍ന്ന അപര്‍ണ മൂത്തമകളെ കൂടി ഒപ്പം നിര്‍ത്താനുള്ള സാഹചര്യത്തിലായിരുന്നില്ല. അങ്ങനെയാണ് മൂത്തമകളെ അമ്മയ്ക്കരികിലേക്ക് മാറ്റിയത്. അപർണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്ന് പ്രേക്ഷകരും കലാലോകവും ഇപ്പോഴും നൊമ്പരപ്പെടുന്നുണ്ട്.
ഇപ്പോഴിതാ, അപര്‍ണ മരണത്തിനു കീഴടങ്ങി രണ്ടു വര്‍ഷം തികയവേ അപര്‍ണയുടെ അമ്മയെ അപ്രതീക്ഷിതമായി വേദിയില്‍ വച്ച് കണ്ട സീരിയല്‍ നടി ദിവ്യാ ശ്രീധര്‍ നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മാസങ്ങള്‍ക്കു ശേഷം അപര്‍ണയുടെ അമ്മയെ വീല്‍ച്ചെയറില്‍ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി പോവുകയായിരുന്നു ദിവ്യ. താരം മുഖ്യാതിഥിയായി എത്തിയ ഒരു പരിപാടിയിലാണ് വീല്‍ച്ചെയറില്‍ കഴിയുന്നവരുടെ ഒരു ചികിത്സാ ധനസഹായ ക്യാമ്പിലെത്തിയ അമ്മയെ കണ്ടത്. അമ്മയുടെ ആ അവസ്ഥ കണ്ട് വിങ്ങിപ്പൊട്ടി പോവുകയായിരുന്നു ദിവ്യ. സങ്കടത്തിനിടയിലും പഠിക്കാന്‍ പോകുന്ന അപര്‍ണയുടെ മൂത്തമകളെ കുറിച്ച് തിരക്കുകയും അവള്‍ക്കായി കുറച്ചു കാശ് നല്‍കുകയും ചെയ്തു ദിവ്യ. ഒരു ദിവസം അവളെ കാണാന്‍ വീട്ടിലേക്ക് വരാം എന്നു വാക്കു നല്‍കിയാണ് ദിവ്യ അവിടെ നിന്നും മടങ്ങിയത്.
അപര്‍ണയുമായി ഏറെക്കാലത്തെ കൂട്ടുണ്ടായിരുന്നു ദിവ്യയ്ക്ക്. സീരിയലില്‍ മാത്രമല്ല, സിനിമകളിലും അഭിനയിച്ചിരുന്ന അപര്‍ണ ദിവ്യയോട് തന്റെ വേദനകളും സങ്കടങ്ങളുമെല്ലാം പങ്കുവെക്കുകയും ചെയ്തിരുന്നു. അധികമാരോടും സ്വകാര്യ സങ്കടങ്ങള്‍ പങ്കുവച്ചിട്ടില്ലാത്ത അപര്‍ണയ്ക്ക് ദിവ്യ ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല, ഒരു ചേച്ചിയുടേയോ അനുജത്തിയുടേയോ ഒക്കെ സ്ഥാനത്തായിരുന്നു.
മാത്രമല്ല, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ താണ്ടി മക്കളെ വളര്‍ത്തുവാന്‍ പാടുപെട്ടിരുന്ന ദിവ്യയ്ക്ക് അപര്‍ണയെ എളുപ്പം മനസിലാക്കുവാനും സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ, അപ്രതീക്ഷിതമായി എത്തിയ അപര്‍ണയുടെ മരണ വാര്‍ത്ത ദിവ്യയെ ഉലച്ചിരുന്നു.
2023 ഓഗസ്റ്റ് 31ാം തീയതിയാണ് കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറയുകയും താന്‍ പോകുന്നു എന്നറിയിക്കുകയും ചെയ്തിരുന്നു.
നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന അപര്‍ണ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദമുള്ള പോസ്റ്റായിരുന്നു. പക്ഷേ ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന അടിക്കുറിപ്പോടെ ഇളയ മകളുടെ ചിത്രമാണ് അപർണ അവസാനമായി പങ്കുവച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾ മുൻപായിരുന്നു ഈ പോസ്റ്റ്. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്.