-->
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോല്‍. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര എന്നീ സിനിമകളിലൂടെ ദീപക് ശ്രദ്ധിക്കപ്പെട്ടു. ഈയടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട കണ്ണൂര്‍ സ്ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ്, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും ദീപക് കൈയടി നേടിയിരുന്നു.
മലയാള സിനിമയ്ക്ക് സമീപകാലത്ത് ഏറ്റവും മികച്ച ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച യുവനടിയാണ് അപർണ ദാസ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന അപര്‍ണ്ണ ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയതാണ്.
ദീപകും അപര്‍ണ്ണയും യുവതാരങ്ങളില്‍ തങ്ങളുടേതായ ഐഡന്റിറ്റിയുണ്ടാക്കിയ താരങ്ങളാണ്. ഇവര്‍ രണ്ടാളും റീല്‍ ലൈഫില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഒന്നാകുന്നു എന്നറിഞ്ഞപ്പോള്‍ പ്രേക്ഷകരുമത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. ‘മനോഹര’ത്തിന്റെ ലൊക്കേഷനില്‍ തുടങ്ങിയ സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോള്‍ വീട്ടുകാരോട് അവതരിപ്പിച്ചു. തീര്‍ത്തും ലളിതമായ ചടങ്ങില്‍ കഴിഞ്ഞ ഏപ്രില്‍ 24 ന് ഗുരുവായൂരമ്പലനടയില്‍ വച്ച് ഇവര്‍ രണ്ടാളും വിവാഹിതരായി.
ഇപ്പോഴിതാ ദീപകിന്റെ ഒരു ഫണ്‍ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെ ഇറങ്ങിയ പൊന്മാന്‍ എന്ന ബേസില്‍ ചിത്രത്തിലും ദീപകിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ദീപകും ബേസിലും അപര്‍ണ്ണയുമടക്കം മിക്ക താരങ്ങളും സംവിധായകനും അണിയറപ്രവര്‍ത്തകരുമെത്തിയിരുന്നു. വേദിയില്‍ സംസാരിക്കുന്നതിനിടെ തനിക്ക് സിനിമയിലേക്ക് ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ലെന്ന് ദീപക് പറയുന്നുണ്ട്.
‘‘പൊൻമാനിൽ ചെറിയ വേഷമാണെന്നാണ് ഞാന്‍ വിചാരിച്ചത്. ആ സിനിമ ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. സത്യത്തില്‍ വളരെ ചെറിയ വേഷമാണെന്നാണ് ഞാന്‍ വിചാരിച്ചുകൊണ്ടിരുന്നത്. പക്ഷെ, പടം തിയേറ്ററില്‍ ഇറങ്ങി ഒ.ടി.ടി റിലീസായി ആളുകള്‍ കാണുന്ന സമയത്ത് എല്ലാവരും പറഞ്ഞു ‘പൊന്‍മാന്‍ കണ്ടു. നന്നായിട്ടുണ്ട്, നല്ല രസമുണ്ട് കഥാപാത്രം’ എന്ന്. അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ഇത്രയും വലിയ കഥാപാത്രം ആണെന്ന്.
ശരിക്കും പറഞ്ഞാല്‍ ഒരുനല്ല പടത്തില്‍ ഒരു ഷോട്ട് മതി ആളുകള്‍ തിരിച്ചറിയാന്‍ എന്നുള്ളത് ഈ സിനിമ എനിക്ക് മനസിലാക്കി തന്നു. ശരിക്കും ഇത് ഞാന്‍ അങ്ങോട്ട് ചോദിച്ച് വാങ്ങിച്ച സിനിമയാണ്. കാരണം സിനിമയില്‍ വരുന്നതിന് മുമ്പ് ഒരുപാട് ചാന്‍സ് ചോദിച്ചിട്ട് ഞാന്‍ നടന്നിട്ടുണ്ട്.
പിന്നെ സിനിമ വന്നുകഴിഞ്ഞിട്ട് ചെറിയ ചിത്രങ്ങളൊക്കെ ചെയ്തു, കുറച്ച് കുഴപ്പമില്ലാത്ത പൈസയൊക്കെ കിട്ടി. പിന്നെ എനിക്ക് ചാന്‍സ് ചോദിച്ച് സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ പൈസ കിട്ടുമോ എന്നുള്ള സംശയം ആയിരുന്നു. അതുകൊണ്ട് ചോദിക്കാന്‍ മടിയായിരുന്നു.
എന്നാല്‍ കല്യാണം അടുത്തപ്പോള്‍ പടവുമില്ല പൈസയുമില്ല എന്ന അവസ്ഥയായി. എന്തുചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് പരിചയമുള്ള സിനിമാക്കാരെ ഒക്കെ വിളിച്ചു എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണം എന്ന് അങ്ങോട്ട് ചോദിക്കാന്‍ തുടങ്ങി.
അങ്ങനെ ഒരു ദിവസം ജോതിഷ് എന്നെ വിളിച്ചു ഫോട്ടോ അയച്ചുതരുമോ എന്ന് ചോദിച്ചു. എന്തോ ഭാഗ്യത്തിന് കുറച്ച് മുടി വളര്‍ത്തി നില്‍ക്കുന്ന സമയമായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ പുള്ളിക്ക് തോന്നിയിട്ടുണ്ടാകും കര്‍ത്താവിന് മുടി ഉണ്ട്. അപ്പോള്‍ കുഴപ്പമില്ല എന്ന്. അങ്ങനെയാണ് പൊന്‍മാന്‍ സിനിമയില്‍ കര്‍ത്താവ് ആയി അഭിനയിച്ചത്.
പക്ഷേ സന്തോഷമുണ്ട്. ആ സിനിമ സക്സസ്സായി. ആള്‍ക്കാര്‍ തിരിച്ചറിയുന്നു. ആ സിനിമ കാരണം കുറച്ചു സിനിമകള്‍ സംസാരിക്കുന്നുണ്ട്. ഇനീം സിനിമകള്‍ സംഭവിക്കുമെന്ന് വിചാരിക്കുന്നു. ഇനിയും കിട്ടിയില്ലെങ്കിലും ഞാന്‍ ചാന്‍സ് ചോദിക്കും, ഇനീം ആവശ്യങ്ങള്‍ വരുന്നുണ്ട്...ല്ലേ...’ എന്നാണ് ദീപക് പറഞ്ഞു നിര്‍ത്തുന്നത്.
പെട്ടെന്നാണ് ബേസില്‍ സംശയത്തോടെ ശരിയാണോ അപര്‍ണ്ണേ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നത്. അത് കണ്ട് ദീപക്, ‘‘അല്ല. അല്ല... അതല്ല...ഏയ്...അതല്ല...അതായിട്ടല്ല...ആവശ്യം വരുന്നുണ്ടല്ലോ...’’ എന്ന് പൊട്ടിച്ചിരിച്ച് ദീപക് പറയുന്നു. അതുകേട്ട് ബേസിലും കൂട്ടരും ചിരിയുടെ മാലപടക്കം പൊട്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്പരന്നും പിന്നെ ചിരിച്ചുമുള്ള അപര്‍ണ്ണയുടെ ചിരിയും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്.