-->
ന്യൂഡല്‍ഹി: തെരുവ് നായ ആക്രമണത്തില്‍ മൃഗസ്‌നേഹികള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ തെരുവ് നായ ആക്രമണത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നടപടി. ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് നിര്‍ദേശിച്ചു.
ദേശീയ തലസ്ഥാനത്തെ തെരുവനായ ശല്യം അതിരൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചില മൃഗസ്‌നേഹികളുടെ വികാരത്തിന് അനുസരിച്ച് കുട്ടികളെ ജീവന്‍ ബലികൊടുക്കാന്‍ ആകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലുള്ള തെരുവ് നായ്ക്കളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണം എന്നും, ഇതിന് പ്രഥമ പരിഗണന നല്‍കണം. തെരുവ് നായ്ക്കളെ പിടി വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും നായ സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം. നഗരത്തിലോ, പ്രാന്തപ്രദേശങ്ങളിലോ ഒരു തെരുവ് നായപോലും അലഞ്ഞുതിരിയുന്നത് കാണരുത് എന്നും കോടതി വ്യക്തമാക്കി.