-->
ശേത്വാ മേനോന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. ഇപ്പോള്‍ നടക്കുന്നതെല്ലാം അസംബന്ധമാണെന്നും ഇതുകൊണ്ട് ലക്ഷ്യമിടുന്നത് ശ്വേതാ മേനോന്‍ താരസംഘടനായ അമ്മയുടെ പ്രസിഡന്റാകുന്നത് തടയുകയാണെന്നും റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹ്മാന്‍ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ശേത്വാ മേനോനൊപ്പമുളള പഴയകാല ചിത്രങ്ങളും റഹ്മാന്‍ ഉള്‍പ്പെടുത്തിയിരുന്നു.
റഹ്മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
'പ്രിയപ്പെട്ട ശ്വേതാ, നിങ്ങള്‍ക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കുറിച്ച് വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. ഇതിലെ അനീതിയോര്‍ത്ത് എനിക്ക് വളരെയധികം രോഷം വന്നു. മൂന്ന് പതിറ്റാണ്ടോളമായി എനിക്ക് നിങ്ങളെ അറിയാം. ഇക്കാലമത്രയും നിങ്ങള്‍ നല്ലൊരു സുഹൃത്തായിരുന്നു. ഒരു സിനിമയില്‍ മാത്രമേ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂ എങ്കിലും നമ്മള്‍ ഒന്നിച്ച് ചെയ്ത ഷോകളും ചെലവിട്ട സമയവും മതിയായിരുന്നു എനിക്ക് നിങ്ങളെയും നമ്മുടെ സൗഹൃദത്തിന്റെ മൂല്യവും മനസിലാക്കാന്‍.
നിങ്ങള്‍ മറ്റുള്ളവരോട് എത്രത്തോളം കരുതലുള്ളയാളാണ് എന്ന് ആ ഷോകള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. ഒപ്പമുള്ള അഭിനേതാക്കള്‍, പ്രത്യേകിച്ച് നവാഗതര്‍, ക്രൂ അംഗങ്ങള്‍, സംഘാടകര്‍, അല്ലെങ്കില്‍ നിങ്ങളുടെ ആരാധകര്‍, അങ്ങനെ എല്ലാവരോടും. ഒരു നന്ദിവാക്ക് പോലും പ്രതീക്ഷിക്കാതെ, സുഖമില്ലാതിരുന്ന ക്രൂ അംഗങ്ങള്‍ക്ക് നിശബ്ദമായി മരുന്നുകള്‍ വാങ്ങിയത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. സ്ഥാനം നോക്കാതെ നിങ്ങള്‍ എല്ലാവരോടും ഒരുപോലെ പെരുമാറി, എല്ലാവരേയും
ഒരുപോലെ ബഹുമാനിച്ചു.'
ഇപ്പോള്‍ നടക്കുന്നത് വെറും അസംബന്ധമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് ഞാനും മെഹറും (റഹ്മാന്റെ ഭാര്യ മെഹ്റുന്നീസ) ഞെട്ടിപ്പോയി. നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്താനും 'അമ്മ'യുടെ പ്രസിഡന്റായി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുമുള്ള ശ്രമമാണ് ഇതെന്ന് എനിക്ക് വ്യക്തമാണ്. രാഷ്ട്രീയത്തില്‍ ഇത്തരം വൃത്തികെട്ട കളികള്‍ സാധാരണമാണ്. എന്നാല്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലും ഇതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.
ഇത് നേരത്തേ പറയാന്‍ കഴിയാതിരുന്നതിന് ക്ഷമ ചോദിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ഞാന്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഒപ്പം, എന്റെ പ്രിയ സുഹൃത്ത് ഷാനവാസിന്റെ വിയോഗവും എന്നെ കുറച്ച് സമയം നിശബ്ദനാക്കി. എന്റെ വാക്കുകള്‍ നിങ്ങളോടുള്ളതാണ് എങ്കിലും ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് പൊതുജനങ്ങളും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ചില മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചേക്കാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. ശ്വേതാ, ഇതുകൊണ്ടൊന്നും നിങ്ങളുടെ പോരാട്ടവീര്യം കെട്ടുപോകരുത്. ഇന്നുള്ള സ്ഥാനത്ത് എത്താന്‍ നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം-അതും ആരുടേയും സഹായമില്ലാതെ. ഈ കൊടുങ്കാറ്റിനേക്കാളെല്ലാം ശക്തയാണ് നിങ്ങള്‍. നിങ്ങളെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരു ദിവസം അവര്‍ ചെയ്തതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
മലയാളത്തിലെ താരസംഘടനയുടെ മികച്ച പ്രസിഡന്റാകും നിങ്ങളെന്നതില്‍ എനിക്ക് സംശയമില്ല. പൂര്‍ണ പിന്തുണയുമായി നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. സൗഹൃദത്തോടെയും ബഹുമാനത്തോടെയും റഹ്മാന്‍.'